ആരോഗ്യപരിപാലനത്തിൽ വേണം അല്പം ശ്രദ്ധ; അറിയാം പിസ്തയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ…
സന്തോഷകരമായ ജീവിതത്തിന് ആരോഗ്യപരിപാലനത്തിന് ഏറെ പ്രാധാന്യമുണ്ട്. വ്യായാമവും ഭക്ഷണക്രമത്തിലെ ചിട്ടയും ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ്. നിരവധി ഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് പിസ്ത. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, കാത്സ്യം, അയണ്‍, സിങ്ക്, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാനും പിസ്ത സഹായിക്കുന്നു.
ഫൈബര്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് പിസ്തയില്‍. അതുകൊണ്ടുതന്നെ ദഹനം സുഗമമാക്കാന്‍ അല്പം പിസ്ത കഴിച്ചാല്‍ മതി. ദഹനം സുഗമമാകുന്നതു വഴി ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഒരു പരിധി വരെ കുറയും. വണ്ണം കുറയ്ക്കാനും പിസ്തയിലെ ഫൈബര്‍ കണ്ടന്റ് സഹായിക്കുന്നു.
വിശപ്പിനെ ശമിപ്പിക്കാനും പിസ്ത സഹായിക്കുന്നു. പിസ്ത അല്പം കഴിച്ചാല്‍ വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടുന്ന സാഹചര്യത്തെ ഒഴിവാക്കാന്‍ പിസ്ത സഹായിക്കുന്നു. പ്രോട്ടീനും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോട്ടീന്‍ കണ്ടന്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീന്‍ കണ്ടന്റ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ അല്‍പം പിസ്ത കഴിച്ചാല്‍ ദിവസം മുഴുവന്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുകയും ചെയ്യുന്നു.
മോണോസാച്വറേറ്റഡ് ഫാറ്റ് പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പാണ് മോണോസാച്വറേറ്റഡ് ഫാറ്റ്. പിസ്തയിലെ ഈ ഘടകവും അമിത വണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന ചീത്ത കൊളസ്ട്രോളിനെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നതുമൂലം ഹൃദ് രോഗത്തെ ചെറുക്കുന്നതിനും പിസ്ത ഗുണം ചെയ്യുന്നു.
ശരീരത്തിലെ നാഡിവ്യവസ്ഥയെ കൂടുതല്‍ സജീവമാക്കാനും പിസ്ത സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഊര്‍ജസ്വലത പ്രധാനം ചെയ്യാനും പിസ്ത ഗുണം ചെയ്യും. ഇതുവഴി വിഷാദ രോഗത്തെ ഒരു പരിധി വരെ ചെറുക്കാനും പിസ്ത സാഹായിക്കുന്നു. കുട്ടികള്‍ക്ക് പിസ്ത ചേര്‍ത്ത പാല്‍ കൊടുക്കുന്നത് ബുദ്ധി വികാസത്തിനും സഹായിക്കും.