Monday, January 6, 2025
Health

കോൺടാക്ട് ലെൻസുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; പുതിയ പഠനം പറയുന്നത്…

കണ്ണടയ്ക്ക് പകരം കോണ്‍ടാക്ട് ലെന്‍സാണ് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത്. എന്നാല്‍ സ്ഥിരമായി കോണ്‍ടാക്ട് ലെൻസുകള്‍ ഉപയോഗിക്കുന്നവര്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്ന ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കോൺടാക്ട് ലെൻസുകളിൽ ക്യാൻസറിന് കാരണമായേക്കാവുന്ന മാരക രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. കോൺടാക്ട് ലെൻസുകൾ നിർമിക്കുന്നതിനായി ഒരിക്കലും നശിക്കാത്ത രാസവസ്തുക്കളുടെ വിഭാഗത്തിൽപ്പെടുന്ന പി.എഫ്.എ.എസ് (PFAS) ഉപയോഗിച്ചിട്ടുണ്ടെന്നാണ് യു എസ് പഠന റിപ്പോർട്ട് പറയുന്നത്. 18 ജനപ്രിയ കോൺടാക്റ്റ് ലെൻസുകളാണ് പഠനത്തിനായി ഗവേഷകര്‍ തെരഞ്ഞെടുത്തെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിലെല്ലാം സ്വയം നശിച്ചുപോകാത്ത 14000 രാസവസ്തുക്കളുടെ കൂട്ടമായ പി.എഫ്.എ.എസ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.

ക്യാൻസർ, കിഡ്നിരോഗം, ഗർഭാശയ രോഗങ്ങള്‍, കരൾ രോഗങ്ങൾ, രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്ന പദാർഥങ്ങളാണ് പി എഫ് എ എസ് എന്നും നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ സ്‌കോട്ട് ബെൽച്ചർ ദി ഗാർഡിയനോട് പറഞ്ഞു.

അമേരിക്കയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കോൺടാക്ട് ലെൻസുകളിലാണ് മാരകമായ അളവിൽ പിഎഫ്എഎസ് ഉപയോഗം കണ്ടെത്തിയത്. പരിശോധിച്ച കോൺടാക്ട് ലെൻസുകളിൽ രാസവസ്തുക്കളുടെ അളവ് 100 പി.പി.എം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പി.എഫ്.എ.എസ് സാധാരണയായി വസ്ത്രങ്ങൾ, ഫർണിച്ചർ, പശകൾ, വയറുകൾ തുടങ്ങിയവയിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇവ വെള്ളത്തെയും ചൂടിനെയും പ്രതിരോധിക്കും. കോൺടാക്റ്റ് ലെൻസുകൾ മാത്രമല്ല, ടോയ്ലറ്റ് പേപ്പറുകളിലും ഇത്തരം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നും പഠനം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *