Thursday, January 9, 2025
Health

അമിത പുകവലിക്കാര്‍ ശ്രദ്ധിക്കുക; നിങ്ങള്‍ ആമവാതത്തിന്റെ പിടിയില്‍ അമര്‍ന്നേക്കാം

നിങ്ങള്‍ അമിതമായി പുകവലിക്കുന്നവരാണോ. എങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിങ്ങളെ ഒരു പക്ഷേ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം പിടികൂടിയേക്കാമെന്നാണ് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്. അമിതമായി പുകവലിക്കുന്നവര്‍ക്ക് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനുള്ള സാധ്യതയേറെയാണെന്ന് കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ആന്റ് പീഡിയാട്രിക് റുമറ്റോളജിസ്റ്റ് ഡോ.സുമ ബാലന്‍ മുന്നറിയിപ്പ് നല്‍കുന്നു.

റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം എന്താണെന്ന് മനസ്സിലാക്കുന്നതും രോഗനിര്‍ണയവും ഒരാളുടെ ആരോഗ്യത്തെ നിയന്ത്രിക്കാന്‍ തന്നെ സഹായിച്ചേക്കുമെന്നും ഡോ.സുമ ബാലന്‍ വ്യക്തമാക്കി.റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനെ മുഴുവനായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി ഇതിനുള്ള ചികില്‍സാ രീതികളില്‍ വളരെയേറെ പുരോഗതിയുണ്ടായിട്ടുണ്ട്. കൂടുതല്‍ കൃത്യതയോടെയുള്ള നൂതന തെറാപ്പികള്‍ വേദന കുറയ്ക്കുകയും ഉന്മേഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു. രോഗം കണ്ടെത്തിയ ഒരാളില്‍ കാലതാമസം കൂടാതെ ഉടനടി ചികില്‍സ ആരംഭിക്കുന്നത് സന്ധികളിലും ശരീരത്തിന്റെ ആകെ ആരോഗ്യത്തിലും ഉണ്ടാകാനിടയുള്ള ആഘാതത്തിന്റെ ശേഷി കുറയ്ക്കാന്‍ സഹായിക്കും.

സന്ധികളിലുണ്ടാകുന്ന വിട്ടുമാറാത്ത കടുത്ത നീര്‍ക്കെട്ടാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. ഇതു മൂലം സന്ധികളില്‍ വേദന, വീക്കം എന്നിവയുണ്ടാകും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കൈകാലുകള്‍ക്ക് കഠിനമായ വേദനയും അനുഭവപ്പെടാം. ശരീരത്തിലെ മിക്കവാറും എല്ലാ പ്രധാന സന്ധികളെയും ബാധിക്കുന്ന രോഗമാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. ആമവാതത്തിനുള്ള ചികില്‍സയ്ക്കായി പുതിയ മരുന്നുകള്‍ കണ്ടെത്തിയതും ബയോസിമിലേഴ്‌സ് മരുന്നുകളുടെ ലഭ്യതയും ഈ രംഗത്ത് സമീപകാലത്തുണ്ടായ മുന്നേറ്റങ്ങളാണ്. ഇതിലൂടെ കൂടുതല്‍ ഫലപ്രദമായ ചികില്‍സ വളരെ കുറഞ്ഞ ചിലവില്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഡോ.സുമ ബാലന്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രത്യേക ചികില്‍സ ആവശ്യമുള്ള രോഗികളെ തിരിച്ചറിയാനും ഓരോ ഘട്ടത്തിലെയും ചികില്‍സകള്‍ ക്രമീകരിക്കാനും സൗകര്യങ്ങളുണ്ട്. ബയോളജിക്കല്‍ തെറാപ്പികളിലൂടെയുള്ള പ്രാഥമിക ചികില്‍സയ്ക്ക് ശേഷം, ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസ് ഉള്ള രോഗികളെ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് ഏറെ സഹായകരമാണ്.രോഗികളില്‍ ഓസ്റ്റിയോപൊറോസിസ്, ആതെറോസ്‌ക്ലെറോസിസ് തുടങ്ങിയ അപകട ഘടകങ്ങളുടെ പങ്കും തിരിച്ചറിയാന്‍ സാധിക്കുന്നു. രോഗികളിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മികച്ച ചികില്‍സാ രീതികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. രോഗബാധിതര്‍ റുമറ്റോളജിസ്റ്റുമായി സംസാരിച്ചാല്‍ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനുള്ള ഏറ്റവും പുതിയ ചികിത്സാ രീതികളെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *