രാത്രി വൈകിയും ഉറക്കം വരുന്നില്ലേ?: എങ്കിൽ ഈ വിദ്യ പരീക്ഷിക്കൂ
രാത്രിയില്‍ ശരിയായി ഉറക്കം ലഭിക്കാതിരിക്കുന്നതും, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതും, ഇടവിട്ട് ഉണര്‍ന്ന് ഉറക്കം മുറിഞ്ഞുപോകുന്നതും എല്ലാം പതിവാണോ? ഇവയെല്ലാം തന്നെ പതിവാണെങ്കില്‍ അത് കാര്യമായ പ്രശ്‌നമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള ഉറക്കപ്രശ്‌നങ്ങള്‍ വരാം. ഈ കാരണങ്ങളെ മനസിലാക്കി, ഇവയെ പരിഹരിച്ചില്ലെങ്കില്‍ പിന്നീട് മറ്റ് പല ശാരീരിക- മാനസിക വിഷമതകളും ഇതുമൂലമുണ്ടാകാം.
നാം കഴിക്കുന്ന ഭക്ഷണത്തിലെ പോരായ്കകള്‍, ചുറ്റുപാടുകളില്‍ നിന്നുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങള്‍ എന്നിങ്ങനെ പലവിധ അസുഖങ്ങളും ഹോര്‍മോണ്‍ ബാലന്‍സ് പോകുന്നതും അടക്കം പല കാരണങ്ങള്‍ മൂലം ഉറക്കപ്രശ്‌നങ്ങള്‍ പതിവാകാം.
ഇതിന് ഡോക്ടറെ കാണുകയോ ആവശ്യമെങ്കില്‍ മരുന്ന് കഴിക്കുകയോ ചെയ്യാം. എന്നാല്‍ ജീവിതരീതിയിലെ മാറ്റങ്ങള്‍ തന്നെയാണ് ഉറക്കത്തെ പ്രധാനമായും ബാധിക്കുന്നത്. മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന വിഷയങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയോ, മാറിനില്‍ക്കാന്‍ സാധിക്കാത്തയിടങ്ങളാണെങ്കില്‍ അവയുണ്ടാക്കുന്ന അസ്വസ്ഥതകളെ മറ്റ് ഘടകങ്ങള്‍ കൊണ്ട് ലഘൂകരിച്ചോ ( സിനിമ, സംഗീതം പോലുള്ള ഉപാധികള്‍ ) മുന്നോട്ടുപോകേണ്ടതുണ്ട്.
ഇതിനൊപ്പം എളുപ്പത്തില്‍ ഉറക്കം വരുന്നതിനും, ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിനും സഹായകമായൊരു ബ്രീത്തിംഗ് എക്‌സര്‍സൈസ് കൂടി പരിചയപ്പെടുത്തുകയാണ്. പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ ഇത് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. അത് എങ്ങനെയെന്ന് മനസിലാക്കാം.
ആദ്യം വളരെ സ്വസ്ഥമായും ശാന്തമായും ചൈല്‍ഡ് പോസില്‍ കിടക്കുക. ഇങ്ങനെ കിടന്ന ശേഷം ആറ് മുതല്‍ എട്ട് തവണ വരെ ഡീപ് ബ്രീത്ത് എടുക്കുക. വളരെ സാവധാനം ശ്വാസമെടുക്കുകയും സാവധാനം തന്നെ ദീര്‍ഘമായി ശ്വാസം പുറത്തുവിടുകയും ചെയ്യണം. ഇതിന് ശേഷം പതിയെ എഴുന്നേല്‍ക്കുക.
ഇനി സ്വസ്ഥമായി ഇരിക്കണം. നടുഭാഗം വളയാത്ത രീതിയില്‍ വേണം ഇരിക്കാന്‍. ശേഷം കണ്ണുകള്‍ അടയ്ക്കുക. വലതുകയ്യിലെ ചൂണ്ടുവിരല്‍ കൊണ്ട് മൂക്കിന്റെ വലതുഭാഗം അടച്ചുവച്ച് ഇടതുഭാഗത്തുകൂടി പതിയെ ശ്വാസമെടുക്കുകയും ശ്വാസം പുറത്തുവിടുകയും ചെയ്യുക. ഇത് പത്ത് മുതല്‍ ഇരുപത് തവണ വരെയെല്ലാം ചെയ്യാം. ഇതിന് ശേഷം ഉറങ്ങാന്‍ കിടക്കുക.
മിക്കവരിലും നല്ല ഫലമുണ്ടാക്കുന്നൊരു ബ്രീത്തിംഗ് എക്‌സര്‍സൈസ് ആണിത്. എന്നാല്‍ 100 ശതമാനവും ഫലപ്രദമാകണമെന്നില്ല. അത് സ്വാഭാവികമായും വ്യക്തിയുടെ ഉറക്കപ്രശ്‌നങ്ങളുടെ കാരണവുമായും അതിന്റെ തീവ്രതയുമായുമെല്ലാം ബന്ധപ്പെട്ടിരിക്കും.