Thursday, January 23, 2025
Gulf

മദീനയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും വന്‍ നിക്ഷേപം കണ്ടെത്തി!; ഖനന വ്യവസായത്തില്‍ കുതിക്കാനൊരുങ്ങി സൗദി

സൗദി അറേബ്യയില്‍ സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപമുള്ള പുതിയ സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മദീന മേഖലയിലെ അബ അല്‍-റഹയുടെ അതിര്‍ത്തിക്കുള്ളിലാണ് സ്വര്‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപത്തിനായി പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

മദീനയിലെ വാദി അല്‍-ഫറാ മേഖലയിലെ അല്‍-മാദിഖ് പ്രദേശത്ത് നാലിടങ്ങളില്‍ ചെമ്പ് അയിര് കണ്ടെത്തിയെന്നും സര്‍വേ ആന്റ് മിനറല്‍ എക്‌സ്‌പ്ലൊറേഷന്‍ സെന്ററിനെ പ്രതിനിധീകരിച്ച് ജിയോളജിക്കല്‍ സര്‍വേ ട്വിറ്റര്‍ പോസ്റ്റില്‍ അറിയിച്ചു,

533 മില്യണ്‍ ഡോളര്‍ വരെ നിക്ഷേപം പ്രതീക്ഷിക്കുന്നതാണ് സ്വര്‍ണ്ണത്തിന്റെയും ചെമ്പിന്റെയും കണ്ടെത്തലുകള്‍. ഇതിലൂടെ നാലായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങളും സൗദി പ്രതീക്ഷിക്കുന്നുണ്ട്. എണ്ണയ്ക്ക് മേലുള്ള സാമ്പത്തിക ആശ്രിതത്വം മറികടക്കാന്‍ ഇത് രാജ്യത്തെ സഹായിക്കും.

പത്തുവര്‍ഷത്തിനിടെ സൗദിയുടെ ഖനന മേഖലകളില്‍ 170 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന് കഴിയുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read Also: കെ.ജി.എഫ് എന്ന് കേട്ടിട്ടുണ്ടോ? റോക്കിയുടെ മണ്ണല്ല, ഇത് യഥാർത്ഥ കോലാർ ​സ്വർണ്ണഖനി

പുതിയ സ്വര്‍ണ, ചെമ്പ്, കണ്ടുപിടുത്തത്തിലൂടെ ലോകത്തിന് സൗദിയില്‍ നിക്ഷേപ അവസരങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.ഇതോടെ രാജ്യത്തിന്റെ ഖനന വ്യവസായത്തിന് ഗുണപരമായ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത്.

5,300 ലധികം ധാതു ലൊക്കേഷനുകള്‍ സൗദി അറേബ്യയിലുണ്ടെന്ന് സൗദി ജിയോളജിസ്റ്റ് കോഓപ്പറേറ്റീവ് അസോസിയേഷന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ അബ്ദുല്‍ അസീസ് ബിന്‍ ലാബോണ്‍ പറഞ്ഞു. ഇതില്‍ വൈവിധ്യമാര്‍ന്ന ലോഹവും ലോഹമല്ലാത്തതുമായ പാറകള്‍, നിര്‍മ്മാണ സാമഗ്രികള്‍, അലങ്കാര പാറകള്‍, രത്‌നക്കല്ലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *