അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് മക്കയില്‍ തുടക്കം; മലയാളികള്‍ ഉള്‍പ്പെടെ 9 ഇന്ത്യക്കാര്‍ പങ്കെടുക്കുന്നു
മക്കയില്‍ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ആരംഭിച്ചു. ഐക്യവും സഹവര്‍ത്തിത്വവും സാധ്യമാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സൗദി മതകാര്യമന്ത്രി അബ്ദുല്ലതീഫ് ആലു ശൈഖ് പറഞ്ഞു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് ഇന്ത്യക്കാര്‍ പങ്കെടുക്കുന്നുണ്ട്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം മതകാര്യ മന്ത്രാലയമാണ് അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം സംഘടിപ്പിക്കുന്നത്. മക്കയില്‍ നടക്കുന്ന സമ്മേളനത്തില്‍ 85 രാജ്യങ്ങളില്‍ നിന്നുള്ള 150ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കൂടിയാലോചനകളിലൂടെ മാനുഷിക ഐക്യവും സഹവര്‍ത്തിത്വവും സാധ്യമാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. ഇസ്ലാമിന്റെ പേരിലുള്ള തീവ്രവാദ നിലപാടുകള്‍ക്ക് അന്ത്യം ഉണ്ടാകുമെന്നും മിതത്വം വിജയിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Also: ഇന്ത്യന്‍ കാക്കകള്‍ പക്ഷിപ്പനിക്ക് കാരണമാകുന്നു; സൗദിയില്‍ വീണ്ടും അധികൃതരുടെ മുന്നറിയിപ്പ്
ആശയവിനിമയം, സംയോജനം എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 9 പേര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്നും കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍, സെക്രട്ടറി ഡോ.അബ്ദുള്‍ മജീദ് സ്വലാഹി എന്നിവര്‍ സമ്മേളന പ്രതിനിധികളാണ്. ജംഇയ്യത്തില്‍ ഉലമാ എ ഹിന്ദ് പ്രസിഡന്റ് മൗലാനാ അര്‍ഷദ് മദനി, അഹ്ലെ ഹദീസ് പ്രസിഡന്റ് അസ്ഗര്‍ അലി ഇമാം മഹ്ദി എന്നിവരും ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിലുണ്ട്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കിടയിലും മനുഷ്യര്‍ക്കിടയിലും കൂടുതല്‍ ഐക്യവും സ്‌നേഹവും വളര്‍ത്തുക, തീവ്രവാദത്തെ ഒറ്റക്കെട്ടായി ചെറുക്കുക തുടങ്ങിയ വിഷയങ്ങളിലെ പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.