യുഎഇയിൽ വാരാന്ത്യ അവധി ഇനി ശനി, ഞായർ ദിവസങ്ങളിൽ; വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും അവധി
യുഎഇയിൽ സർക്കാർ ജീവനക്കാരുടെ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം. ഇനിമുതൽ ശനി, ഞായർ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും അവധിയായിരിക്കും. വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തി ദിനമായിരിക്കും. വെള്ളി രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവൃത്തി സമയം
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഏഴര മുതൽ വൈകുന്നേരം മൂന്നര വരെ ഓഫീസുകൾ പ്രവർത്തിക്കും. ആഴ്ചയിൽ നാലര ദിവസമായിരിക്കും പ്രവൃത്തിദിനങ്ങൾ. ജനുവരി ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും
നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു വാരാന്ത്യ അവധി. പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസത്തിലും താഴെയാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായും യുഎഇ മാറും. വെള്ളിയാഴ്ച ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അടക്കം തെരഞ്ഞെടുക്കാനും പുതിയ നയത്തിലൂടെ സാധിക്കും.