യു.എ.ഇ തീരത്ത് കപ്പല്‍ റാഞ്ചിയന്നെ് സംശയം; മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സി
ലണ്ടന്‍: ഒമാന്‍ ഉള്‍ക്കടലില്‍ യു.എ.ഇ തീരത്ത് ചരക്കുകപ്പല്‍ റാഞ്ചിയതായി സംശയം. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനും ലോകശക്തികളും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്.
അഞ്ചു ദിവസം മുമ്പ് ഒമാന്‍ തീരത്ത് ഒരു എണ്ണ ടാങ്കറിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനാണ് ഇതിന് പിന്നിലെന്ന് യു.കെയും ഇസ്രായേലും ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ആരോപണത്തെ നിഷേധിക്കുകയാണ ചെയ്തത്.
ഇതിന് പിന്നാലെ യു.കെ ഏജന്‍സി ഫുജൈറ തീരത്ത് ഒരു അനിഷ്ടം നടക്കുന്നുവെന്ന് കപ്പലുകള്‍ക്ക് ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി. മണിക്കൂറുകള്‍ക്ക് ശേഷം ഇതൊരു ‘ഹൈജാക്ക്’ ആണെന്ന് അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
സംഭവത്തില്‍ ഉള്‍പ്പെട്ട കപ്പല്‍ പനാമ ഫ്ളാഗ് ചെയ്ത അസ്ഫാല്‍റ്റ് ടാങ്കറാണെന്ന് യു.കെ നാവിക സേനയുടെ സുരക്ഷാ ഏജന്‍സി തിരിച്ചറിഞ്ഞു. ഇതിന്റെ ഉടമ യു.എ.ഇ ആസ്ഥാനമായുള്ള ഗ്ലോറി ഇന്റര്‍നാഷണല്‍ ആണെന്നാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.
കപ്പലിന്റെ ഉപഗ്രഹ-ട്രാക്കിംഗ് ഡാറ്റ ബുധനാഴ്ച പുലര്‍ച്ചെ ഇറാനിയന്‍ കടലിലേക്ക് പതുക്കെ നീങ്ങുന്നതായി കാണിച്ചു. അതേസമയം, യു.എ.ഇ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.