ശഹീൻ ചുഴലിക്കാറ്റ്; യു.എ.ഇയിലും ജാഗ്രതാ നിർദേശം: ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി യു എ ഇ. ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ യു എ ഇ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചിൽ പോകരുതെന്നാണ് നിർദേശം.
ശഹീൻ ചുഴലിക്കാറ്റ് ഒമാനിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് രാവിലെ ഒമാൻ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു. ശഹീൻ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം മസ്കത്ത് ഗവർണറേറ്റിൻ്റെ 200 കിലോമീറ്റർ അകലെയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്‍ച മുതല്‍ ഒമാനില്‍ കനത്ത മഴയുണ്ടാകുമെന്ന് പ്രതീക്ഷിക്കുനത്.
ഒമാനിൽ പലയിടത്തും മൂടിയ അന്തരീക്ഷവും ചാറ്റൽ മഴയും അനുഭവപെടുന്നുണ്ട്. വടക്കൻ ശർഖിയ, മസ്കത്ത് ഗവർണറേറ്റുകളിൽ അഞ്ച് മുതൽ ആറ് മീറ്റർ ഉയരത്തിലാണ് തിരമാലകൾ വീശിയടിക്കുന്നത്. മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ടെന്നും ഭക്ഷ്യ ഉൽപന്നങ്ങൾക്കും വെള്ളത്തിനും മറ്റും ദൗർലഭ്യം ഉണ്ടാവാൻ സാധ്യതയില്ലെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് അധികൃതർ അറിയിച്ചു.