Tuesday, January 7, 2025
Business

വാട്ട്‌സ്ആപ്പ് സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തുമെന്ന ആശങ്കയുണ്ടോ? പുതിയ വിവാദത്തിന് പിന്നാലെ വിശദീകരണവുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പ് സ്വകാര്യതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ കൂടുതല്‍ സജീവമാകുകകയാണ്. ട്വിറ്ററിന്റെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ഫോഡ് ഡാബിരി കൂടി ഈ ആശങ്ക പങ്കുവച്ച പശ്ചാത്തലവുമുണ്ട്. താന്‍ ഉറങ്ങുന്ന സമയത്ത് ബാക്ക്ഗ്രൗണ്ടില്‍ വാട്ട്‌സ്ആപ്പ് വോയിസ് റെക്കോര്‍ഡിങ് ഓണ്‍ ആയിരുന്നുവെന്നും ഇത് രാവിലെ ഉണര്‍ന്നപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും പറഞ്ഞുകൊണ്ടുള്ള ഡാബിരിയുടെ ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. വാട്‌സ്ആപ്പിനെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് സാക്ഷാല്‍ ഇലോണ്‍ മസ്‌ക് കൂടി ട്വീറ്റ് ചെയ്തതോടെ സ്വകാര്യതാ വിഷയത്തില്‍ ഉപയോക്താക്കള്‍ക്കുള്ള ആശങ്ക വര്‍ധിക്കുകയാണോ? ഉപയോക്താക്കള്‍ ശരിക്കും ഭയപ്പെടേണ്ടതുണ്ടോ? വാട്ട്‌സ്ആപ്പിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം പരിശോധിക്കാം.

പ്രൈവസി ഡാഷ്‌ബോര്‍ഡുകളില്‍ തെറ്റായ വിവരങ്ങള്‍ ദൃശ്യമാകാന്‍ കാരണമായ ആന്‍ഡ്രോയിഡിലെ ബഗാണ് പ്രശ്‌നത്തിന് കാരണമെന്ന് വാട്‌സ്ആപ്പ് പറയുന്നു. സന്ദേശമയയ്ക്കുന്ന പ്ലാറ്റ്‌ഫോം അതിലെ എല്ലാ സന്ദേശങ്ങളും കോളുകളും എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റഡ് ആണെന്ന് സ്ഥിരീകരിച്ചതിനു ശേഷം അത് ആര്‍ക്കും കേള്‍ക്കാനോ വായിക്കാനോ കഴിയില്ലെന്ന് ഉറപ്പാക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ ക്രമീകരണങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണമുണ്ടെന്നും അത് ആക്‌സസ് ചെയ്യുന്നതില്‍ നിന്ന് ആപ്പിനെ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യാമെന്നും വാട്‌സ്ആപ്പ് എടുത്തുപറയുന്നു.

ഉപയോക്താവ് കോള്‍ ചെയ്യുമ്പോഴോ റെക്കോര്‍ഡിംഗ് നടത്തുമ്പോഴോ മാത്രമേ വാട്ട്‌സ്ആപ്പ് ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുള്ളൂവെന്നാണ് വാട്ട്‌സ്ആപ്പിന്റെ വിശദീകരണം. ഈ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുത്തിയ ട്വിറ്ററിന്റെ എഞ്ചിനീയറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാട്‌സ്ആപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഒരു ഉപയോക്താവ് ഒരു കോള്‍ ചെയ്യുമ്പോഴോ ശബ്ദ സന്ദേശം റെക്കോര്‍ഡ് ചെയ്യുമ്പോഴോ വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോഴോ മാത്രമേ മൈക്രോഫോണ്‍ ആക്‌സസ് ചെയ്യുകയുള്ളൂവെന്നും ഈ ആശയവിനിമയങ്ങളും എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേന സംരക്ഷിക്കപ്പെടുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. മുന്‍കാലങ്ങളില്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍ സ്വകാര്യ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .മയക്കുമരുന്ന് ഇടപാടുകള്‍, ദമ്പതികള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങള്‍, സഹായത്തിനായി നിലവിളിക്കുന്ന കുട്ടികളുടെ ശബ്ദം തുടങ്ങിയ സംഭാഷണങ്ങള്‍ ഇപ്രകാരം റെക്കോര്‍ഡ് ചെയ്തവയില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *