Sunday, January 5, 2025
AutomobileBusiness

നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടാബ്‍ലറ്റ് വിപണിയിലേക്ക് വീണ്ടും മോട്ടറോള; മോട്ടോ ടാബ് ജി20 ലോഞ്ച് ഉടന്‍

സ്മാര്‍ട്ഫോണ്‍ രംഗത്തെ പ്രമുഖരായ മോട്ടറോള അടുത്ത ആഴ്ച ഇന്ത്യയില്‍ രണ്ട് ഉപകരണങ്ങള്‍ അവതരിപ്പിക്കും. മോട്ടോ ടാബ് ജി20, മോട്ടറോള എഡ്ജ് 20 പ്രോ എന്നിവയാണ് പുറത്തിറക്കുന്നത്. സെപ്തംബര്‍ 30നാണ് ടാബ് അവതരിപ്പിക്കുന്നത്. ഒക്ടോബർ 1 ന് മോട്ടോറോള എഡ്ജ് 20 പ്രോയും പുറത്തിറക്കും.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മോട്ടറോള ടാബ് വിപണിയിലേക്ക് വീണ്ടും കടക്കുന്നത്. 2017ൽ അവതരിപ്പിച്ച മോട്ടോറോള ക്സൂം (Xoom), മോട്ടോ ടാബ് എന്നിവയാണ് കമ്പനി അവസാനമായി വിപണിയിലെത്തിച്ച ടാബ്‍ലറ്റ് മോഡലുകൾ. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാനാവാതെ വന്നതോടെ മോട്ടോറോള ടാബ്‌ലെറ്റ് വിപണിയിൽ നിന്നും പിന്മാറുകയായിരുന്നു.

മോട്ടോറോള ഇതിനകം തന്നെ യൂറോപ്പിൽ എഡ്ജ് 20 പ്രോ പുറത്തിറക്കിയിട്ടുണ്ട്. 6.4 ഇഞ്ച് 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയതാണ് ഈ സ്മാർട്ഫോണ്‍. 12 ജിബി റാമും 256 ജിബി ഇന്‍റേണല്‍ സ്റ്റോറേജുമുള്ള ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്തേകുന്നത്. ഒരു എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാനാകും. ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എഡ്ജ് പ്രോ പ്രവര്‍ത്തിക്കുന്നത്.

8 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ടിഡിഡിഐയാണ് ടാബിന്‍റെ സവിശേഷത. 3 ജിബി റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള മീഡിയടെക് ഹീലിയോ പി 22 ടി പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 13,999 രൂപയാണ് പ്രാരംഭ വില. കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ടാബ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഡോള്‍ബി ഓഡിയോയും 51,000 എം.എ.എച്ച് ബാറ്ററി കരുത്തുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *