‘നിരുത്തരവാദപരമായ’ പ്രവൃത്തിയില്‍ നിന്ന് പിന്മാറണം; ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി
അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലേക്ക് ചാരബലൂണുകള്‍ അയക്കുന്ന ‘ നിരുത്തരവാദപരമായ ‘പ്രവൃത്തിയില്‍ നിന്ന് ചൈന പിന്മാറണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ബ്ലിങ്കന്റെ ചൈനയോടുള്ള മുന്നറിയിപ്പ്.
യുഎസ് വ്യോമാതിര്‍ത്തിയില്‍ ചാരബലൂണുകള്‍ തുടര്‍ച്ചയായി വെടിവച്ചിട്ട സംഭവങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്. ഫെബ്രുവരി നാലിനാണ് ആദ്യം യുഎസ് ചൈനയുടെ ചാരബലൂണ്‍ വെടിവച്ചിട്ടത്.
ചൈനീസ് ബലൂണ്‍ വെടിവച്ചിട്ട ശേഷമുണ്ടായ ആദ്യ പ്രതികരണത്തില്‍, ബലൂണുകള്‍ തകര്‍ത്തതില്‍ ഖേദമില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യ പ്രസ്താവന. രാജ്യത്തിന്റെ സുരക്ഷ തന്നെയാണ് വലുതെന്നും വ്യോമ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയോട് ഒരു തരത്തിലും മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ബൈഡന്റെ നിലപാട്.