Saturday, October 19, 2024
Kerala

വിശ്വനാഥന്റെ മരണം;സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആദിവാസി യുവാവ് വിശ്വനാഥനെ തടഞ്ഞുവച്ച രണ്ട് പേരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവരെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കി. വിശ്വനാഥന്റെ മരണത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പോസ്റ്ററുകള്‍ പതിപ്പിച്ചു.

പന്ത്രണ്ടോളം പേര്‍ വിശ്വനാഥനെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നത് സിസിവിടി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതില്‍ രണ്ട് പേരുടെ ദൃശ്യമാണ് പൊലീസിന് വ്യക്തമായി ലഭിച്ചത്. ഇവരെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇവര്‍ സെക്യൂരിറ്റി ജീവനക്കാരല്ലെന്നും രോഗികളുടെ കൂട്ടിരിപ്പുകാരായിക്കാം എന്നുമാണ് പൊലീസ് പറയുന്നത്. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്.എന്നാല്‍ എസ്ടി/എസ്‌സി കമ്മിഷന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ഇന്നലെ ഗുരുതര വകുപ്പുകള്‍ പൊലീസ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

കോഴിക്കോട് ഡിസിപ യുടെ നേതൃത്വത്തില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. എസ് സി, എസ്ടി കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജി മരിച്ച വിശ്വനാഥന്റെ വയനാട്ടിലെ വീട്ടില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ പരാതി നേരിട്ട് സ്വീകരിച്ചു.
ആള്‍ക്കൂട്ട വിചാരണ വിശ്വനാഥനെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. മെഡിക്കല്‍ കോളജിലെ 31 സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു.

ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ വിശ്വനാഥനെ സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി.

Leave a Reply

Your email address will not be published.