ജയിച്ചാൽ പ്ലേ ഓഫ്; കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് ബംഗളുരു പരീക്ഷണം
കളികളത്തിന് അകത്തും പുറത്തും ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവുമധികം ചർച്ചചെയ്യുന്ന മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് – ബംഗളുരു പോരാട്ടം. ഐ ലീഗിൽ നിന്ന് ബംഗളുരു എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കാലെടുത്ത് വെച്ചത് മുതൽ തുടങ്ങിയതാണ് ഈ വൈരാഗ്യം. ഇരു ടീമുകളുടെയും ആരാധക കൂട്ടായ്മകൾ സാമൂഹിക മാധ്യമങ്ങളിലൂടെ തുടങ്ങിവെച്ചതാണ് റൈവലറി. അതിനാൽ തന്നെ ഇരു ടീമുകളും കളിക്കളത്തിൽ ഏറ്റുമുട്ടുന്നതിന് വളരെയധികം പ്രസക്തിയുണ്ട്. പ്രത്യേകിച്ചും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിന് തൊട്ട് മുന്നിൽ നിൽക്കുന്ന സമയത്ത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ കേരളത്തിന് പ്ലേ ഓഫ് യോഗ്യത നേടാൻ സാധിക്കും.
വളരെ മികച്ച ഫോമിലാണ് ബംഗളുരു എഫ്സി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ അഞ്ചിലും വിജയം കൊയ്താണ് ടീമിന്റെ മുന്നേറ്റം. ഇന്ത്യൻ യുവ താരം ശിവശക്തിയും വിദേശ താരം റോയ് കൃഷ്ണയും നയിക്കുന്ന ബംഗളുരുവിന്റെ ആക്രമണം അവസാന മത്സരങ്ങളിൽ വളരെയധികം മൂർച്ച കൂടിയിട്ടുണ്ട്. 17 മത്സരങ്ങളിൽ നിന്ന് 8 വിജയവും ഒരു സമനിലയും എട്ട് തോൽവിയുമായി 25 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബംഗളുരു എഫ്സി. കേരളം ആകട്ടെ 31 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ്. ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷ എഫ്സിക്ക് എതിരെ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്സി പരാജയപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സിന് മുന്നോട്ട് കുതിക്കാനുള്ള ആവേശമായിട്ടുണ്ട്.
അതേസമയം, പരുക്കിന്റെ പിടിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പ്. ടീം ക്യാമ്പിൽ പടർന്നു പിടിച്ച പനി താരങ്ങളുടെ ശാരീരിക ക്ഷമതയെ ബാധിച്ചിട്ടുണ്ട്. അവസാനമായി പനി റിപ്പോർട്ട് ചെയ്ത അപോസ്തലസ് ജിയാനുവിന് രോഗം ഭേദമായെന്ന് കേരള പരിശീലകൻ ഇവാൻ വുകുമനോവിച്ച് അറിയിച്ചിട്ടുണ്ട്. പ്രതിരോധ താരം ലെസ്കോവിച്ച് ട്രൈനിങ്ങിൽ ഇറങ്ങുന്നുണ്ടെങ്കിലും ഇന്നത്തെ മത്സരം കളിക്കുന്ന കാര്യം സംശയമാണെന്ന് റിപോർട്ടുകൾ ഉണ്ട്.