Thursday, January 23, 2025
National

വായിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്; അശോക് ഗെഹ്‌ലോട്ട് രാജിവെക്കണമെന്ന് ബിജെപി

ബജറ്റ് മാറിപ്പോയ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. അതേസമയം, ആത്മാർത്ഥത ഇല്ലാത്ത ഖേദപ്രകടനം അംഗീകരിയ്ക്കില്ലെന്നും ബജറ്റ് ചോർച്ചയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. രാജസ്ഥാനിലെ സംസ്ഥാന ബജറ്റ് അവതരണദിവസമായ ഇന്ന് ആദ്യം കഴിഞ്ഞ വർഷത്തെ ബജറ്റ് ആണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഈ വർഷത്തെ ബജറ്റിന് പകരമായി വായിച്ചത്.

അതിനാടകീയമായ രംഗങ്ങൾക്കാണ് രാജസ്ഥാൻ നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. ബജറ്റ് അവതരണമായിരുന്നു അജണ്ട. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് ബജറ്റ് വായിച്ച് തുടങ്ങുന്നു. നിമിഷങ്ങൾക്കകം പ്രതിപക്ഷ നിര പഴയ ബജറ്റാണ് മുഖ്യമന്ത്രി വായിച്ചതെന്ന് ആരോപിച്ച് പ്രതിഷേധം തുടങ്ങി. കഴിഞ്ഞ വർഷത്തെ ബജറ്റിലെ നഗര തൊഴിൽ, കൃഷി മേഖലകൾ പ്രതിപാദിയ്ക്കുന്ന ഭാഗമായിരുന്നു ഗെഹ്‌ലോട്ട് വായിച്ചത്. അബദ്ധം പറ്റിയെന്ന് ബോധ്യപ്പെട്ടതോടെ ബജറ്റ് പ്രസംഗം ഗെഹ്‌ലോട്ട് അവസാനിപ്പിച്ചു. ബിജെപി പ്രതിഷേധവും ശക്തമാക്കി.

ഉദ്യോഗസ്ഥർ പുതിയ ബജറ്റ് എത്തിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രിയ്ക്ക് പ്രസംഗം പുനരാരംഭിയ്ക്കാനായത്. ബജറ്റ് ചോർന്നതായും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധംതുടർന്നു. ബജറ്റ് അവതരണത്തിന് ശേഷം സംഭവിച്ച പിഴവിൽ മുഖ്യമന്ത്രി ഖേദപ്രകടനം നടത്തി. ഖേദപ്രകടനം ഈ സാഹചര്യത്തിൽ യുക്തമല്ലെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും വസുന്ധര രാജ സിന്ധ്യ ആവശ്യപ്പെട്ടു. നാളെ രാജസ്ഥാനിൽ ബിജെപി ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധ ദിനം ആചരിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *