കോട്ടയത്ത് കാലിത്തീറ്റ കഴിച്ച് അവശനിലയിലായിരുന്ന പശു ചത്തു
കോട്ടയം ചമ്പക്കരയിൽ കാലിത്തീറ്റ കഴിച്ച് അവശനിലയിലായിരുന്ന പശു ചത്തു. ചമ്പക്കര സ്വദേശി ജോജോയുടെ കന്നുകാലിയാണ് ചത്തത്. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് ചാവുന്ന മൂന്നാമത്തെ പശുവാണ് ജോജോയുടേത്.
മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. ദഹനകേട്, പാൽ കുറയുന്നു, തീറ്റയും വെളളവും എടുക്കുന്നില്ല, രക്തം പോകുന്നു, തളർച്ച എന്നീ ആരോഗ്യ പ്രശ്നങ്ങളാണ് കന്നുകാലികളിൽ കണ്ടെത്തിയത്.
കാലിതീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിൽ വിവിധയിടങ്ങളിൽ പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കടുത്തുരുത്തി, ആപ്പാഞ്ചിറ, വാലാച്ചിറ, ഞീഴൂർ, കെ എസ് പുരം തുടങ്ങിയ മേഖലകളിലും ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സർക്കാരിന്റെ കണക്ക് പ്രകാരം കോട്ടയം ജില്ലയിൽ മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട , എറണാകുളം ജില്ലകളിലെ കണക്കുകൂടിയാവുമ്പോൾ രോഗബാധിതരായ പശുക്കളുടെ ആകെ എണ്ണം ആയിരം കടക്കുമെന്നാണ് കരുതുന്നത്.