Wednesday, April 16, 2025
National

റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ: സംയുക്ത യോഗം വിളിക്കാൻ ധാരണ

റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ സംയുക്ത യോഗം വിളിക്കാൻ ധാരണയായി. റബ്ബർ ബോർഡ് പ്രതിനിധികളും എംപിമാരും പങ്കെടുക്കുന്ന യോഗമാകും കേന്ദ്രം വിളിയ്ക്കുക. ഇടത് എംപിമാർ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സുപ്രധാന തീരുമാനമുണ്ടായത്.

മിശ്രിതറ ബ്ബർ ഇറക്കുമതി ചുങ്കം ഉയർത്തിക്കൊണ്ട് കേന്ദ്ര ബഡ്ജറ്റിൽ ധനമന്ത്രി നടത്തിയ പ്രഖ്യാപനം റബ്ബർ കർഷകർക്ക് ഒരു തരത്തിലും ആശ്വാസം നൽകാത്ത നടപടിയാണ് എന്നാണ് ആക്ഷേപം. റബ്ബർ ബോർഡ് പ്രതിനിധികളുടെയും എംപിമാരുടെയും യോ​ഗത്തിൽ ഇത് അടക്കം ചർച്ച ചെയ്യുമെന്നാണ് സൂചന. സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചുങ്കം വർധിപ്പിക്കുക എന്ന നിർദേശവും ചർച്ച ചെയ്യും.

കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ കൂട്ടാനുള്ള നിർദ്ദേശം ആസിയാൻ രാജ്യങ്ങൾക്ക് ബാധകമാക്കാത്തത് വലിയ പിഴവാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് ജോൺ ബ്രിട്ടാസ് കത്തയച്ചു. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന കോമ്പൗണ്ട് റബ്ബറിന്റെ 55 ശതമാനവും വരുന്നത് ആസിയാൻ രാജ്യങ്ങളിൽ നിന്നാണ്. ആസിയാൻ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ നിലനിൽക്കുന്നതിനാൽ നികുതി കൂട്ടാനുള്ള ബഡ്ജറ്റ് നിർദ്ദേശം ഇവിടങ്ങളിൽ നടപ്പാക്കാനാകില്ല.

കോമ്പൗണ്ട് റബറിന്റെ നികുതി പത്തിൽ നിന്ന് 25 ശതമാനമാക്കി കൂട്ടാനാണ് ബഡ്ജറ്റ് തീരുമാനിച്ചത്. അങ്ങനെ നികുതി ഈടാക്കുമ്പോൾ തന്നെ, കിലോക്ക് പരമാവധി തുക 30 രൂപയായി നിജപ്പെടുത്തിയിരുന്നു. കർഷകരുടെ താല്പര്യം പരിഗണിച്ച് 30 രൂപയെന്ന പരിധി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് കേന്ദ്ര സർക്കാരിന് കത്തയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *