Thursday, April 17, 2025
National

കുടുംബവഴക്ക്: കടലൂരില്‍ രണ്ട് കൈക്കുഞ്ഞുങ്ങളെ അടക്കം മൂന്നുപേരെ യുവാവ് ചുട്ടുകൊന്നു

തമിഴ്‌നാട് കടലൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് ചുട്ടുകൊന്നു. രണ്ട് കൈക്കുഞ്ഞുങ്ങളും ഒരു യുവതിയുമാണ് മരിച്ചത്. തീ കൊളുത്തിയ യുവാവ് അടക്കം മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

കടലൂര്‍ ചെല്ലക്കുപ്പം വെള്ളിപ്പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ പ്രകാശിന്റെ ഭാര്യ തമിഴരശി, എട്ടു മാസം പ്രായമായ മകള്‍, കേസിലെ പ്രതിയായ സദ്ഗുരുവിന്റെ നാലുമാസം പ്രായമായ മകനുമാണ് കൊല്ലപ്പെട്ടത്. സദ്ഗുരുവിനൊപ്പം ഗുരുതരമായി പൊള്ളലേറ്റ തമിഴരശിയുടെ ഭര്‍ത്താവ് പ്രകാശ്, സദ്ഗുരുവിന്റെ ഭാര്യ ധനലക്ഷ്മി എന്നിവര്‍ കടലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സദ്ഗുരുവുമായി വഴക്കിട്ട് കഴിഞ്ഞ ദിവസമാണ് ഭാര്യ, ധനലക്ഷ്മി, സഹോദരിയായ തമിഴരശിയുടെ വീട്ടില്‍ എത്തിയത്. ഇന്നു രാവിലെ വീട്ടിലെത്തിയ സദ്ഗുരു ധനലക്ഷ്മിയുമായി വീണ്ടും വഴക്കുണ്ടായി. ഇതേതുടര്‍ന്നാണ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ എല്ലാവരുടെയും ദേഹത്തൊഴിച്ച് ഇയാള്‍ തീകൊളുത്തിയത്. തമിഴരശിയും കൈക്കുഞ്ഞുങ്ങളും സംഭവ സ്ഥലത്തു തന്നെ മരിച്ചു. കടലൂരില്‍ നിന്നും അഗ്‌നി രക്ഷാ സേനയെത്തി തീ അണച്ചാണ് മറ്റു മൂന്നു പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *