ജല ഉപയോഗത്തിൽ കുറവ് വരുത്താൻ സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്, ബ്ലീച്ചിംഗ് പൗഡർ അടക്കം വിലകൂടി; മന്ത്രി റോഷി അഗസ്റ്റിൻ
വെള്ളക്കരം വർധനയിൽ വിചിത്ര വാദവുമായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. നാല് അംഗങ്ങളുള്ള കുടുംബത്തിന് ഒരു ദിവസം 100 ലിറ്റർ വെള്ളം പോലും വേണ്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. ഒരു പൈസ വർധനയെയായാണ് പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്.
4912.42 കോടി രൂപയുടെ നഷ്ടമാണ് വാട്ടർ അതോറിറ്റി നേരിടുന്നത്. 1263 കോടി കെ എസ് ഇ ബിക്ക് മാത്രം കൊടുക്കാൻ ഉണ്ട്. ജല ഉപയോഗത്തിൽ കുറവ് വരുത്താൻ പൊതു സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. വെള്ളം കുറച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കേണ്ട സമയമായി. ബ്ലീച്ചിംഗ് പൗഡർ അടക്കം എല്ലാം വിലകൂടി. പ്രതിപക്ഷം സഹകരിക്കണമെന്നും വാട്ടർ അതോറിറ്റി സാമ്പത്തിക പ്രതിസന്ധിയിലാണെന്നും മന്ത്രി പറഞ്ഞു.
ബജറ്റ് അവതരിപ്പിച്ച ശേഷം വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ജനങ്ങളുടെ അവസ്ഥ പരിഗണിച്ച് വേണം നികുതിയും ഫീസും വർധിപ്പിക്കാൻ. കുടിശിക പിരിക്കുന്നതിൽ വാട്ടർ അതോറിറ്റി വൻ പരാജയമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
വെള്ളക്കരം വർധിപ്പിച്ചതിനെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വർധിപ്പിച്ചതെന്നാണ് അഡ്വ എം വിൻസന്റ് എംഎൽഎ അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തിയത്.