കളമശ്ശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം; കുഞ്ഞിനെ ചിൽഡ്രൻസ് ഹോമിലെത്തിച്ചു
കളമശ്ശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ കുഞ്ഞിനെ ചിൽഡ്രൻസ് ഹോമിലെത്തിച്ചു. അനൂപിൻ്റെ സഹോദരനാണ് കാക്കനാട് ചിൽഡ്രൻസ് ഹോമിലേക്ക് കുഞ്ഞിനെ എത്തിച്ചത്. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്തു. ഇനി മെഡിക്കൽ പരിശോധന നടത്തേണ്ടതുണ്ട്.
ജനിച്ച് ദിവസങ്ങൾക്കുള്ളിൽ പെൺകുഞ്ഞ് അനൂപിന്റെ പക്കലെത്തിയിരുന്നു. ഇത് സംബന്ധിച്ച് സിഡബ്ല്യുസിക്ക് മുഴുവൻ വിവരങ്ങളും ലഭിച്ചു. കുഞ്ഞ് എവിടെയെന്ന് സിഡബ്ല്യുസി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് അനൂപിന്റെ ബന്ധുക്കൾക്കൊപ്പമാണ് ഉള്ളതെന്നാണ് വിവരം.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ ഇന്നലെ രാത്രിയോടെ തിരിച്ചറിഞ്ഞിരുന്നു. കുട്ടിയുടെ യഥാർത്ഥ ജനനസർട്ടിഫിക്കറ്റിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. കളമശേരി മെഡിക്കൽ കോളജിലാണ് കുഞ്ഞ് ജനിച്ചതെന്നാണ് ജനന സർട്ടിഫിക്കറ്റിലുള്ളത്. കുട്ടിയുടെ പിതാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തിൽ സിഡബ്ല്യുസി വിശദമായ അന്വേഷണം നടത്തിവരികയാണ്. കളമശേരി മെഡിക്കൽ കോളജിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുഞ്ഞ് ജനിച്ചത്. സെപ്തംബർ ആദ്യ വാരത്തിലാണ് സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുന്നത്. കുട്ടിയുടെ പേര് സർട്ടിഫിക്കറ്റിൽ ഇല്ലായിരുന്നെങ്കിലും സർട്ടിഫിക്കറ്റിലുണ്ടായിരുന്ന അഡ്രസ് തെരഞ്ഞാണ് കുഞ്ഞിന്റെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞത്.
കുഞ്ഞിന്റെ മാതാപിതാക്കൾ എറണാകുളം ജില്ലക്കാരാണെന്ന് മനസിലാക്കിയെങ്കിലും സർട്ടിഫിക്കറ്റിൽ നൽകിയ അഡ്രസിലുള്ള വീട്ടിലല്ല ഇരുവരും ഇപ്പോൾ താമസിക്കുന്നത്. മേൽവിലാസത്തിലുള്ള പ്രദേശത്തെ ആശാവർക്കർമാരുമായും ജനപ്രതിനിധികളുമായും സിഡബ്ല്യുസി ചെയർമാൻ ആശയവിനിമയം നടത്തിയിരുന്നു. മാതാപിതാക്കൾ ഒരുമിച്ചാണോ താമസിക്കുന്നതെന്ന കാര്യത്തിൽ നിലവിൽ സിഡബ്ല്യുസിക്ക് വ്യക്തത വരുത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.
വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ സംഭവത്തിൽ കളമശേരി മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്നാണ് പ്രിൻസിപ്പാളിന്റെ അന്വേഷണ റിപ്പോർട്ട്. കളമശേരി നഗരസഭയുടെ കിയോസ് ഡസ്‌ക് ജീവനക്കാരി രഹ്നയ്ക്കും ചെറുതല്ലാത്ത വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തൽ. കേസന്വേഷിക്കുന്ന കളമശേരി പൊലീസ് മെഡിക്കൽ കോളജിലെ അഡ്മിനിസ്ട്രേറ്റീവായ അസിസ്റ്റന്റ് എ അനിൽകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചു.