വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദേശം
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തിൽ അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദേശം. ഇടക്കാല ഉത്തരവിലൂടെയാണ് ഹൈക്കോടതി നിര്‍ദേശം നൽകിയത്. സിബിഐ അന്വേഷണത്തിൽ പോരായ്മയുണ്ടന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും കാര്യക്ഷമമല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
2017 ജനുവരി 13നും മാർച്ച് നാലിനുമായാണു പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പ്രതികൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതിൽ മനംനൊന്താണു കുട്ടികൾ ആത്മഹത്യ ചെയ്തതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനിടെ, കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു.