നാളികേരത്തിന്റെ താങ്ങുവില ഉയർത്തി; കൃഷിക്കായി നീക്കിവച്ചത് 971.71 കോടി രൂപ
കൃഷിക്ക് സവിശേഷമായി പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന ആമുഖത്തോടെയാണഅ കാർഷിക രംഗത്തെ ബജറ്റ് പ്രഖ്യാപനം ധനമന്ത്രി കെ.എൻ ബാലഗോപാൽ ആരംഭിച്ചത്. കാർഷിക മേഖലയ്ക്കാകെ 971.71 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തിയിരിക്കുന്നത്. ഇതിൽ 156.30 കോടി രൂപ കേന്ദ്ര സഹായമായി പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
നേൽകൃഷി വികസനത്തിന് നീക്കി വയ്ക്കുന്ന തുക 95.10 കോടിയായി ഉയർത്തി. ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ കൃഷി രീതികൾക്കൊപ്പം ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കും. ഇതിനായി ആറ് കോടി രൂപ അനുവദിക്കുന്നു. സമഗ്രമായ പച്ചക്കറി കൃഷി വികസന പദ്ധതിക്കായി 93.45 കോടി രൂപ വകയിരുത്തി.
നാളികേര വികസന പദ്ധതിക്കായി 68.95 കോടി രൂപ വകയിരുത്തി. നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽ നിന്ന് 34 രൂപയായി ഉയർത്തി.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്കായി 6 കോടി രൂപ വകയിരുത്തി.
സ്മാർട്ട് കൃഷി ഭവന് 10 കോടി രൂപയും വിള ഇൻഷുറൻസ് 31 കോടി രൂപയും കുട്ടനാട് കാർഷിക മേഖലയ്ക്ക് 17 കോടി കാർഷിക സഹായത്തിനും 12 കോടി സാങ്കേതിക സഹായത്തിനും മാറ്റിവച്ചു.
ക്ഷീര വികസനത്തിന് 114.76 കോടി രൂപ നീക്കിവച്ചു. മൃഗ സംരക്ഷണം ആകെ 435.4 കോടി രൂപയാണ് വകയിരുത്തിയത്. ക്ഷീര ഗ്രാമം പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 2.4 കോടി രൂപ വകയിരുത്തി. പുതിയ കാലിത്തീറ്റ ഫാമിനു 11 കോടി രൂപയും നീക്കി വച്ചു.