എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിക്ക് ജാമ്യം
എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയ്ക്ക് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യതുകയായി കെട്ടിവെയ്ക്കണം എന്നും കോടതി നിർദ്ദേശിച്ചു.
ഈ മാസം ഏഴു മുതൽ ശങ്കർ മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. നവംബർ 26 നാണ് ന്യൂയോർക്ക്- ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ വെച്ച് യാത്രക്കാരിയുടെ ദേഹത്ത് ശങ്കർ മിശ്ര മൂത്രമൊഴിച്ച സംഭവം ഉണ്ടായത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് ഡിജിസിഎ ഇടപെട്ടത്.പ്രതി ശങ്കർ മിശ്രയ്ക്ക് നാലുമാസത്തേക്ക് യാത്ര വിലക്ക് എയർ ഇന്ത്യ ഏർപ്പെടുത്തിയിരുന്നു .
യാത്രക്കാരി നൽകിയ പരാതിയിൽ നടപടിയെടുക്കാൻ വൈകിയതിനാൽ എയർ ഇന്ത്യക്കെതിരെ ഡിജിസിഎ പിഴ ചുമത്തിയിരുന്നു. എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. പൈലറ്റിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് റദ്ദാക്കുകയും ചെയ്തു. കൂടാതെ വിമാന സർവീസുകളുടെ ഡയറക്ടർക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. സംഭവം പരാതിക്കാരി ശ്രദ്ധയിൽപ്പെടുത്തിയിട്ടും ജീവനക്കാരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ലെന്ന് എയർ ഇന്ത്യ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.