Wednesday, April 16, 2025
Kerala

തൃശൂർ കുണ്ടന്നൂരിൽ വെടിമരുന്ന് സൂക്ഷിക്കാനുപയോഗിച്ച ഷെഡ് നിർമ്മിച്ചത് അനുമതിയില്ലാതെ

തൃശൂർ കുണ്ടന്നൂരിൽ വെടിമരുന്ന് സൂക്ഷിക്കാനുപയോഗിച്ച ഷെഡ് അനുമതിയില്ലാതെ നിർമ്മിച്ചതെന്ന് കണ്ടെത്തൽ. അപകടവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ കലക്ടർക്ക് നൽകുമെന്ന് ഡെപ്യൂട്ടി കലക്ടർ യമുനാ ദേവി വ്യക്തമാക്കി. അതേ സമയം ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന കാവശ്ശേരി സ്വദേശി മണികണ്ഠൻ ഇന്ന് രാവിലെ മരിച്ചു.

കഴിഞ്ഞ നവംബറിൽ കുണ്ടന്നൂർ സ്വദേശിയായ ശ്രീനിവാസന് ലൈസൻസ് ഉണ്ടെങ്കിലും വെടിമരുന്ന് സൂക്ഷിച്ചിരുന്ന ഷെഡ് അനുമതിയില്ലാതെയാണ് നിർമ്മിച്ചതെന്നാണ് കണ്ടെത്തൽ. അപകട പശ്ചാത്തലത്തിൽ ലൈസൻസ് റദ്ദാക്കി . ഡെപ്യൂട്ടി കലക്ടർ യമുനാ ദേവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. അനുവദനീയമായതിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിദഗ്ദ പരിശോധന റിപ്പോർട്ട് നൽകാൻ പെസോയ്ക്ക് കത്ത് നൽകും.

ഉഗ്രസ്‌ഫോടനത്തിൽ കനത്ത നാശമാണ് മേഖലയിൽ സംഭവിച്ചിരിക്കുന്നത്. വീടുകളുടെയും സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.

അപകടത്തെ തുടർന്ന് സ്ഥലമുടമ സുന്ദരാക്ഷനെയും ലൈസൻസി ശ്രീനിവാസനെയും പൊലീസ് അറസ്റ്റ് ചെയ്തു. എക്‌സ്‌പ്ലോഡിവ് ആക്ട് അനുസരിച്ചാണ് അറസ്റ്റ്. അപകടത്തിൽ മരിച്ച കാവശ്ശേരി സ്വദേശി മണികണ്ഠന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *