Friday, January 10, 2025
World

വിസ്താര എയര്‍ലൈനില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം, അര്‍ധനഗ്നയായി നടത്തം; ഇറ്റാലിയന്‍ പൗര അറസ്റ്റില്‍

വിസ്താര എയര്‍ലൈന്‍സില്‍ സംഘര്‍ഷമുണ്ടാക്കിയ ഇറ്റാലിയന്‍ പൗരയായ സ്ത്രീ അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. ഇറ്റലിയില്‍ നിന്നുള്ള പാവോള പെറൂച്ചിയോ എന്ന സ്ത്രീയാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായത്.

ഇക്കണോമി ടിക്കറ്റ് കൈവശമുണ്ടായിരുന്ന യുവതി തനിക്ക് ബിസിനസ് ക്ലാസ് വേണമെന്ന് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് ഇതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കുകയും വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളെയും ആക്രമിക്കുകയും ചെയ്തു. തന്റെ വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റിയ യുവതി അര്‍ധനഗ്നയായി വിമാനത്തിലൂടെ നടക്കുകയും ചെയ്തു. ക്യാബിന്‍ ക്രൂ അംഗങ്ങളുമായി സംഘര്‍ഷ സാഹചര്യമുണ്ടാക്കിയതിനും മോശം പെരുമാറ്റത്തിനുമാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

അറസ്റ്റ് ചെയ്ത ഇവരെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. സ്റ്റാന്‍ഡാര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമമനുസരിച്ച് സംഭവം ഉന്നതാധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് വിസ്താര എയര്‍ലൈന്‍ വക്താവ് അറിയിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയെയും അന്തസിനെയും ഇല്ലാതാക്കുന്ന സംഭവങ്ങള്‍ക്കെതിരെ എയര്‍ലൈന്‍ കടുത്ത നടപടികള്‍ സ്വീകരിക്കമെന്നും എയര്‍ലൈന്‍ വക്താവ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *