Thursday, January 9, 2025
National

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി, സമാപന സമ്മേളനം ഇന്ന്

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി. ഇന്ന് ശ്രീനഗറിലാണ് സമാപന സമ്മേളനം. ഇന്നലെ രാവിലെ പന്താചൗക്കില്‍ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാല്‍ ചൗക്കിലാണ് അവസാനിച്ചത്. രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തിയ ചടങ്ങില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 23 കക്ഷികളില്‍ 13 കക്ഷികളുടെ നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

സിപിഐഎം, ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കില്ല.പൊലീസ്, കരസേന, സിആര്‍പിഎഫ് എന്നിവര്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയത്. ലാല്‍ ചൗക്കില്‍ രാഹുല്‍ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍ ചരിത്ര പ്രാധാന്യം ഏറെയാണ്. 136 ദിവസം കൊണ്ട് 4080 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്.

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് തുടങ്ങിയ യാത്ര 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ കടന്നുപോയി. പതാക ഉയര്‍ത്തിയശേഷം ‘ഇന്ത്യയ്ക്ക് നല്‍കിയ വാഗ്ദാനം ഇന്ന് നിറവേറ്റി’യെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യക്ക് നല്‍കിയ വാഗ്ദാനമാണ് ഇന്ന് പാലിക്കപ്പെട്ടത്. വിദ്വേഷം തോല്‍ക്കും, സ്‌നേഹം എപ്പോഴും വിജയിക്കും, ഇന്ത്യയില്‍ പ്രതീക്ഷകളുടെ പുതിയ ഉദയമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *