Monday, March 10, 2025
Kerala

സംസ്ഥാനം അതിഗുരുതര ധനപ്രതിസന്ധിയിൽ : യുഡിഎഫ് ധവളപത്രം

സംസ്ഥാനം അതിഗുരുതര ധനപ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. മോശം നികുതി പിരിവും ധൂർത്തും അഴിമതിയും വിലകയറ്റവും സാമ്പത്തികമായി കേരളത്തെ തകർത്തുവെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. ഈ നിലയിൽ മുന്നോട്ട് പോയാൽ സംസ്ഥാനത്തിൻറെ കടം ഭാവിയിൽ 4 ലക്ഷം കോടിയിൽ എത്തുമെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പ്രതിപക്ഷം ധവളപത്രം പുറത്തിറക്കുന്നത്. യുഡിഎഫ് ഉപസമിതിയാണ് സംസ്ഥാനത്തിൻറെ സാമ്പത്തിക സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിരൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത് എന്നാണ് ധവളപത്രം ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിൻറെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 39.1% ആണ്. റിസർവ് ബാങ്ക് പ്രവചിച്ചതിനേക്കാൾ കൂടുതലാണിതെന്നും ധവളപത്രം പറയുന്നുണ്ട്. രാജ്യത്തെ വലിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തിൽ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള ഈ അനുപാതം അപകടകരമായ സ്ഥിതിയിലാണെന്നും പ്രതിപക്ഷത്തിൻറെ ധവളപത്രത്തിലുണ്ട്.
ഇതേ സ്ഥിതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ സംസ്ഥാനത്തിൻറെ കടം ഭാവിയിൽ 4 ലക്ഷം കോടിയിൽ എത്തുമെന്നും ധവളപത്രം വിലയിരുത്തുന്നു.

3419 കോടി മാത്രം പക്കലുളള കിഫ്ബി എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുമെന്നും യുഡിഎഫിൻറെ ധവളപത്രം ചോദിക്കുന്നു. സാധാരണക്കാരെ മറന്നുളള പ്രവർത്തനമാണ് സർക്കാരിൻറേതെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് മുടങ്ങിയ പദ്ധതികൾ അക്കമിട്ടു നിരത്തുന്ന ധവളപത്രം, കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങളെയും കുറ്റപ്പെടുത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *