മക്കൾ പോപ്പുലർ ഫ്രണ്ടുകാർ ആയതിന് കുടുംബം എന്ത് പിഴച്ചു; സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുന്നു; കെ എം ഷാജി
കോടതി വിധികൾ നടപ്പാക്കുന്നതിൽ പോലും സര്‍ക്കാര്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. പോപ്പുലർ ഫ്രണ്ടിന്റെ വാദങ്ങളോട് എതിർപ്പാണുള്ളത്. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിൽ പി കെ ഫിറോസിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരായ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും കെ എം ഷാജി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്താടിസ്ഥാനത്തിലാണ്. മക്കൾ പോപ്പുലർ ഫ്രണ്ടുകാർ ആയതിനു കുടുംബാംഗങ്ങൾ എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച് നാശനഷ്ടമുണ്ടാക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് വകകൾ കണ്ടെത്തി വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദേശം നല്‍കിയിരുന്നു. തുടർന്ന് അവർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധമെന്താണെന്നും വ്യക്തമാക്കണമെന്ന് കോടതി സർക്കാറിന് നിർദേശം നൽകി. ഹർത്താലിലെ നഷ്ടം ഈടാക്കുന്നതിനായുളള ഹർജിയിലായിരുന്നു കോടതിയുടെ നിർദേശം.