Wednesday, April 16, 2025
Kerala

മൂന്ന് കുങ്കിയാനകള്‍, പ്രത്യേക ദൗത്യസംഘം; പി.ടി-7 എന്ന കാട്ടാനയെ തുരത്താന്‍ ശ്രമം തുടങ്ങി

പി.ടി-7 എന്ന കാട്ടാനയെ പിടികൂടുന്നതിനായുള്ള പ്രത്യേക ദൗത്യ സംഘം പുലര്‍ച്ചെ പാലക്കാട് എത്തി. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. സുരേന്ദ്രന്‍ എന്ന കുങ്കി ആനയെയും ധോണിയില്‍ എത്തിച്ചു. ഇന്ന് 10 മണിയോടെ വയനാട്ടില്‍ നിന്നുള്ള ദൗത്യ സംഘം വനത്തിലേക്ക് ഇറങ്ങും. നാളെയോ മറ്റന്നാളോ മയക്കുവെടി വെക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ദൗത്യസംഘം പറയുന്നത്.

പുലര്‍ച്ചെ 4.30നാണ് സംഘം പാലക്കാടെത്തിയത്. ഭരതന്‍,വിക്രമന്‍,സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെയാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ജനവാസ മേഖലയിലേക്ക് ഇടക്കിടെ ഇറങ്ങി പി ടി-7 ഭീതി പരത്തുന്ന പശ്ചാത്തലത്തിലാണ് കാട്ടാനയെ അടിയന്തരമായി പിടികൂടുന്നത്. ആന ഇന്നലെയും ഇന്നും വനത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നാണ് ദൗത്യസംഘത്തിന്റെ കണ്ടെത്തല്‍. നിലവില്‍ ആനയ്‌ക്കൊപ്പം മറ്റ് കാട്ടാനക്കൂട്ടങ്ങള്‍ ഇല്ലെന്നും ദൗത്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നുമാണ് സൂചന.

ധോണിയിലും പരിസരപ്രദേശങ്ങളിലുമുള്ള നെല്‍വയലുകളില്‍ ആനകള്‍ കൃഷി നശിപ്പിക്കുന്നത് സ്ഥിരമായതിനാല്‍ എത്രയും വേഗം ആനയെ തുരത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് ദിവസം മുന്‍പ് ധോണി സെന്റ് തോമസ് നഗറിലെ ജനവാസ മേഖലയിലൂടെ ആന നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *