ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല; പാകിസ്താന് മറുപടിയുമായി ഇന്ത്യ
മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് പാകിസ്താന് മറുപടിയുമായി ഇന്ത്യ. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല. പാകിസ്താനുമായി എപ്പോഴും ഇന്ത്യ ആഗ്രഹിക്കുന്നത് നല്ല അയല്‍ബന്ധമാണ്. എന്നാല്‍ അത്തരം ബന്ധങ്ങള്‍ക്ക് ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷമാണ് വേണ്ടതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്താനുള്ള പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അരിന്ദം ബാഗ്ചിയുടെ മറുപടി.
അല്‍ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും സമാധാനം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. വൈകാതെ തന്നെ പരാമര്‍ശം ഷഹബാസ് ഷെരീഫ് തിരുത്തുകയും ചെയ്തു. കാശ്മീരിന്റെ പ്രത്യേക അധികാരം പുനഃസ്ഥാപിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ചൂണ്ടികാണിച്ചു ഷെഹ്ബാസ് ഷെരീഫ് വിശദീകരണകുറിപ്പ് ഇറക്കുകയായിരുന്നു.