Thursday, January 9, 2025
Kerala

പക്ഷിപ്പനി : സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ കോഴികളെ കൊന്നൊടുക്കി, ഡോക്ടറുള്‍പ്പെടെ 14 ജീവനക്കാര്‍ ക്വാറന്‍റൈനിൽ

കോഴിക്കോട് : പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ മുഴുവന്‍ കോഴികളേയും കൊന്നൊടുക്കി. ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളേയും കൊന്നൊടുക്കുന്നുണ്ട് . ഫാമിലെ ഡോക്ടറുള്‍പ്പെടെ പതിനാലു ജീവനക്കാര്‍ ക്വാറന്‍റൈനിലാണ്. ഇവരില്‍ നിന്നും ശേഖരിച്ച സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം നാളെ കിട്ടും.

തീവ്ര വ്യാപനശേഷിയുള്ള എച്ച് ഫൈവ് എന്‍ വണ്‍ സ്ഥീരികരിച്ചതോടെ ചാത്തമംഗലം പൗള്‍ട്രി ഫാമിലെ പതിനൊന്നായിരം കോഴികളെയാണ് ദൗത്യ സംഘം രണ്ടു ദിവസങ്ങളിലായി കൊന്നൊടുക്കിയത്. നാല്‍പ്പതിനായിരം മുട്ടകളും നശിപ്പിച്ചു. ഫാമിന്‍റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളെ കൊന്നൊടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

കോഴികളെ കൊന്നൊടുക്കാനായി പത്ത് സ്ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. രോഗ വ്യാപന സാധ്യതയുള്ളതിനാല്‍ ഫാമിന്‍റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണുള്ളത്. ഇവിടേക്ക് പക്ഷികളും മുട്ടയും കൊണ്ടു വരുന്നതിനും പുറമേക്ക് കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി. ക്വാറന്‍റൈനിലുള്ള ഫാമിലെ ഡോക്ടര്‍ക്കും ചില ജീവനക്കാര്‍ക്കും നേരത്തെ പനി ലക്ഷണങ്ങള് ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവരുടെ സ്രവസാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധനക്ക് അയച്ചത്. എന്നാല്‍ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

Leave a Reply

Your email address will not be published. Required fields are marked *