Friday, January 10, 2025
Kerala

സര്‍വകലാശാല ബില്‍ രാഷ്ട്രപതിക്ക് അയച്ചേക്കും; ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു

സര്‍വ്വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം. ഗവര്‍ണറുടെ ലീഗല്‍ ആഡ്വൈസര്‍ ഡോ.എസ്.ഗോപകുമാരന്‍ നായരാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണറെ നേരിട്ട് ബാധിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത് ഔചിത്യമല്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബുധനാഴ്ചയാണ് നിയമോപദേശം നല്‍കിയത്. ഡോ.എസ്.ഗോപകുമാരന്‍ നായര്‍ രാജ്ഭവനില്‍ നേരിട്ടെത്തിയാണ് നിയമോപദേശം കൈമാറിയത്.

സര്‍വകലാശാല ഭേദഗതി ബില്‍ തന്നെക്കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ മുകളിലുള്ളവര്‍ തീരുമാനിക്കട്ടേയെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രമ്യമായി പരിഹരിക്കാന്‍ സാഹചര്യമൊരുങ്ങുന്നു എന്ന വിലയിരുത്തലുകള്‍ക്ക് തൊട്ടുപിന്നാലെയാണ് സര്‍വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാനുള്ള ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം. ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ അതിനെ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

മറ്റ് 16 ബില്ലുകളും അംഗീകരിച്ചെങ്കിലും സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായിരുന്നില്ല. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് മുന്‍പ് തന്നെ ഗവര്‍ണര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ബില്‍ ഏതെങ്കിലും കേന്ദ്രനിയമത്തെ ഹനിക്കുന്നത് അല്ലാത്തതിനാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *