Thursday, January 23, 2025
Kerala

‘കൊലപാതകമെന്ന് സംശയം’; നയന സൂര്യയുടെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

സംവിധായിക നയന സൂര്യയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. നയനയുടെ മരണം കൊലപാതകമെന്ന് സംശയമുണ്ട്. നയനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിലുണ്ടായിരുന്ന മുറിവുകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല. ആദ്യ അന്വേഷണത്തില്‍ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് വിശദ അന്വേഷണത്തിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാമണ് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്. നയന സ്വയം പരിക്കേല്‍പ്പിച്ചുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നില്ല. നയന താമസിച്ചിരുന്ന വീടിന്റെ മുന്‍വാതില്‍ അടച്ചിരുന്നുവെങ്കിലും ബാല്‍ക്കണി വഴി ഒരാള്‍ക്കു രക്ഷപ്പെനുള്ള സാധ്യതയുണ്ടെന്നും അസി.കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

നയനയുടേത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേല്‍പ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു ആദ്യം അന്വേഷണം മ്യൂസിയം പോലീസിന്റെ നിരീക്ഷണം. ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പോലീസിന്റെ വിലയിരുത്തല്‍.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നെങ്കിലും നയനയുടെ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതില്‍ വ്യക്തത വരുത്തുന്ന രീതിയില്‍ അന്വേഷണമെത്തിയിരുന്നില്ല. പോലീസിന്റെ ഈ നിഗമനം നയനയുടെ ബന്ധുക്കളും വിശ്വസിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണം ആവശ്യപ്പെട്ട് നയനയുടെ സുഹൃത്തുക്കള്‍ രംഗത്ത് വരികയും കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്നുമുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്. ഇതേ തുടര്‍ന്നാണ് അസി.കമ്മീഷണര്‍ തുടരന്വേഷണ സാധ്യതയും ഇപ്പോള്‍ പരിശോധിച്ചത്. മാത്രമല്ല ചില നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് പുതിയ സംഘത്തിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *