ശമ്പള വര്‍ധനവിനെച്ചൊല്ലി സിഐടിയുവുമായി തര്‍ക്കം; കൊച്ചിയിലെ സ്വകാര്യ സ്ഥാപനം അടച്ചുപൂട്ടലിലേക്ക്
ശമ്പള വര്‍ധനവിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യ സ്ഥാപനം അടച്ചു പൂട്ടലിലേക്ക്. എറണാകുളം കളമശേരിയിലെ വിആര്‍എല്‍ ലോജിസ്റ്റിക്‌സ് അടച്ചുപൂട്ടുകയാണെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് കത്ത് നല്‍കി.
ഡിസംബര്‍ 31ന് പഴയ ശമ്പളക്കരാര്‍ അവസാനിച്ചിരുന്നു. പുതിയ ശമ്പളക്കരാര്‍ എഴുതുമ്പോള്‍ വേതന വര്‍ദ്ധനവ് വേണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ലോഡിംഗ് വിഭാഗത്തില്‍ ടണ്ണിന് 140 രൂപയാണ് നിലവിലെ നിരക്ക്. 160 രൂപ വരെ നല്‍കാമെന്നാണ് കമ്പനി നിലപാട്. ഐഎന്‍ടിയുസി അംഗീകരിച്ചെങ്കിലും ടണ്ണിന് 200 രൂപ വേണമെന്നാണ് സിഐടിയു നിലപാട്. ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് അടച്ചുപൂട്ടലിന് തീരുമാനിച്ചതെന്ന് കമ്പനി മാനേജ്‌മെന്റ് അറിയിച്ചു.
സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത് 150ഓളം തൊഴിലാളികളാണ്. കമ്പനി പൂട്ടരുതെന്നും സിഐടിയു വിട്ടുവീഴ്ച ചെയ്യണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. എന്നാല്‍ അടച്ചുപൂട്ടല്‍ നോട്ടീസ് കമ്പനിയുടെ തന്ത്രമെന്നാണ് സിഐടിയുവിന്റെ ആരോപണം.