‘ഡിവൈഎഫ്‌ഐക്കാര്‍ വെള്ളം കേറാത്ത അറകളില്‍ സൂക്ഷിക്കപ്പെടുന്നവരല്ല’; ലഹരി ഉപയോഗ ആരോപണത്തില്‍ വി കെ സനോജ്
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രതി ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ട്രോഫി നല്‍കിയതില്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ. ആകാശ് തില്ലങ്കേരിക്ക് എം ഷാജര്‍ ട്രോഫി നല്‍കിയത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ഇതിന് പിന്നില്‍ ആസൂത്രിതമായി യാതൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിവൈഎഫ്‌ഐ നേതാക്കളുടെ ലഹരി ഉപയോഗ വിഷയത്തിലും വി കെ സനോജ് പ്രതികരിച്ചു. ലഹരി ഉപയോഗം എന്ന ആരോപണം നിഷേധിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെള്ളം കയറാത്ത അറകളില്‍ സൂക്ഷിക്കപ്പെടുന്നവരല്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെറ്റായ വലതുപക്ഷ പ്രവണതകളില്‍ അവരും പെട്ടുപോയിട്ടുണ്ട്. അവരും സമൂഹത്തിന്റെ ഭാഗമാണ്. അത്തരക്കാരോട് വിട്ടുവീഴ്ച ഇല്ല. തിരുത്തുന്നില്ലെങ്കില്‍ തല്ലുമെന്നും സംഘടന നടപടി സ്വീകരിക്കുമെന്നും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു.
കെ ആര്‍ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതായും ഡിവൈഎഫ്‌ഐ അറിയിച്ചു. സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഗൗരവമുള്ളതാണ്. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു