Friday, January 10, 2025
Kerala

കളമശേരി മെഡിക്കൽ കോളജിലെ ലിഫ്റ്റ് വിവാദം; അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് പുന:സ്ഥാപിച്ചു

കളമശേരി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ 20 വർഷത്തിലേറെ പഴക്കം ഉണ്ടായിരുന്ന ലിഫ്റ്റിന് പകരം സ്ഥാപിച്ച ആധുനിക ലിഫ്റ്റ് പ്രവർത്തനസജ്ജമായി. ഈ ലിഫ്റ്റിനു 27 പേരെ വഹിക്കാനാകും. ഇതോടുകൂടി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകളുടെ എണ്ണം അഞ്ചായി

അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിന്റെ പണി ആരംഭിച്ചത് 2022 ഒക്‌ടോബർ 12 നാണ്. ലിഫ്റ്റിന്റെ പണി പൂർത്തീകരിച്ചതായി പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കത്ത് നൽകിയത് ഡിസംബർ 23 നാണ്. അന്നു തന്നെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ലിഫ്റ്റ് പരിശോധിക്കാനുള്ള നിർദേശം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് ഫോർവേഡ് ചെയ്തിരുന്നു.

മൂന്ന് മാസത്തിലേറെ വേണ്ടി വരുമായിരുന്ന പണികൾ മെഡിക്കൽ കോളജും പി.ഡബ്ല്യു.ഡിയും സംയുക്തമായി രണ്ടു മാസം കൊണ്ട് പൂർത്തീകരിച്ചു. നിത്യേന മെഡിക്കൽ കോളജ് അധികൃതരും പി.ഡബ്ല്യു.ഡി അധികൃതരും ഇതു സംബന്ധിച്ച് അവലോകനം നടത്തിയിരുന്നു.

പൊള്ളൽ വിഭാഗത്തിലേക്കുള്ള പ്രധാന കവാടമായ ഈ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചിട്ടും രോഗികൾക് പ്രയാസമാകാത്ത നിലയിൽ രോഗികളെ ഏറ്റെടുക്കുകയും, പൊള്ളൽ വിഭാഗം അടച്ചിടാതെ പതിനെട്ടോളം വരുന്ന പൊള്ളൽ രോഗികളെ ഈ കാലയളവിൽ ചികിത്സിക്കുവാനും കഴിഞ്ഞു.

ത്വരിത ഗതിയിൽ പുതിയ ലിഫ്റ്റ് സ്‌ഥാപിക്കുകയും, പുതിയ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെറ്റിന്റെ അനുമതി മാത്രം ആവശ്യമായിരിക്കയും ചെയ്ത സന്ദർഭത്തിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് തകരാറാണ് എന്ന തരത്തിൽ വ്യാജ വാർത്ത നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് കളമശ്ശേരി മെഡിക്കൽ കോളജിനെ താറടിച്ചു കാണിക്കാൻ നടത്തിയ ശ്രമം നീചവും പ്രതിഷേധാർഹവുമാണ്.

ഈ ദുഷ്പ്രചാരണം വസ്തുത മനസിലാക്കി തള്ളിക്കളഞ്ഞ ഈ നാട്ടിലെ കളമശേരി മെഡിക്കൽ കോളജിനെ സ്നേഹിക്കുന്ന, ആശ്രയമായി കാണുന്ന ലക്ഷക്കണക്കിന് സാധാരണക്കാർക്കും, ഈ ലിഫ്റ്റ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിനും കരാറുകാർക്കും പ്രവർത്തനാനുമതി തന്ന ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിനും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും മെഡി. കോളജ് സൂപ്രണ്ട് പ്രസ്താവനയിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *