ഹജ്ജ് വേളയില്‍ മക്കയിലും മദീനയിലും ഗതാഗത നിയന്ത്രണം; ലംഘിച്ചാല്‍ കര്‍ശന നടപടി
മക്കയിലും മദീനയിലും ഹജ്ജ് വേളയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗദി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി. ചെറിയ വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും പുണ്യ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കില്ല. തൊഴിലാളികള്‍ക്കുള്ള വാഹനങ്ങളില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
ഹജ്ജ് വേളയില്‍ മക്കയിലും മദീനയിലും മറ്റ് പുണ്യ സ്ഥലങ്ങളില്‍ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം. ഇത് സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശം ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് ലഭിച്ചു. അടുത്ത ഹജ്ജ് വേളയില്‍ നടപ്പാക്കാനായി പ്രധാനമായും അഞ്ച് നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്.
തീര്‍ത്ഥാടകര്‍ക്ക് പുണ്യ സ്ഥലങ്ങളില്‍ യാത്ര ചെയ്യാനായി സര്‍വീസ് ഏജന്‍സി തയ്യാറാക്കുന്ന വാഹനങ്ങളില്‍ തീര്‍ത്ഥാടകര്‍ ഡ്രൈവര്‍മാരാകാന്‍ പാടില്ല.
ഇഹ്റാം ധരിച്ചവര്‍ ഓടിക്കുന്ന ഇരുപത്തിയഞ്ച് പേരില്‍ താഴെ യാത്ര ചെയ്യാവുന്ന വാഹനങ്ങള്‍ പുണ്യ സ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ തടയണം. ഈ വാഹനങ്ങള്‍ പ്രവേശന കവാടത്തിനടുത്തുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യുകയോ തിരികെ പോകുകയോ വേണം.
തൊഴിലാളികളെയും കൊണ്ട് മക്കയിലോ മദീനയിലോ പോകാനുദ്ദേശിക്കുന്ന വാഹനങ്ങള്‍ നിശ്ചിത സ്ഥലത്ത് പാര്‍ക്ക് ചെയ്യണം. തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാന്‍ ഈ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഹജ്ജ് വേളയില്‍ പുണ്യ സ്ഥലങ്ങളിലേക്ക് കന്നുകാലികളെ കൊണ്ടുപോകുന്ന ട്രക്കുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യുകയും ആവശ്യമായ പെര്‍മിറ്റ് കരസ്ഥമാക്കുകയും വേണം. പെര്‍മിറ്റില്ലാതെ കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഹിജ്റ മാസത്തില്‍ മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കാന്‍ നിരോധനമുണ്ട്. നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്