Thursday, January 9, 2025
Kerala

എതിരെ പ്രവർത്തിച്ചു’, സെനറ്റ് അംഗങ്ങളുടെ ‘പ്രീതി’ പിന്‍വലിച്ച കാരണം പറഞ്ഞ് ഗവർണർ, വാദം പൂർത്തിയായി, വിധി നാളെ

കൊച്ചി: കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തിയെന്ന് ഗവർണർ ഹൈക്കോടതിയിൽ. സർച്ച്‌ കമ്മിറ്റി അംഗത്തെ നാമനിർദ്ദേശം ചെയ്യാനുള്ള ചാൻസലറുടെ നടപടിക്കെതിരെ പ്രവർത്തിച്ചത് കൊണ്ടാണ് തനിക്ക് പ്രീതി പിൻവലിക്കേണ്ടി വന്നതെന്നും കോടതിയെ അറിയിച്ചു. ഗവർണറുടെ പുറത്താക്കൽ നടപടി ചോദ്യം ചെയ്ത് 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ ആണ് ഗവർണറുടെ മറുപടി. എന്നാൽ പ്രീതി എന്ന ആശയം നിയമപരമായി മാത്രമേ ഉപയോഗിക്കാനാകൂ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പുറത്താക്കൽ നടപടിക്ക് എതിറെ 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ കോടതി നാളെ ഉച്ചയ്ക്ക് 1 45 ന് വിധി പറയും.

ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണര്‍ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാൻസലർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചതും വിസി നിയമനത്തിന് സർച്ച് കമ്മിറ്റി രൂപീകരിച്ചതും. എന്നാൽ ഈ നടപടി റദ്ദാക്കണമെന്നാണ് 15 സെനറ്റ് അംഗങ്ങളുടെയും ആവശ്യം. അതേസമയം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ സർക്കാർ തീരുമാനിച്ചു. ഇന്നലെ സഭ പിരിഞ്ഞത് ഗവർണറെ ഔദ്യോഗികമായി അറിയിക്കാതെ സമ്മേളനം തുടരാൻ ആണ് തീരുമാനം.

പുതിയവർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മർദത്തിലാക്കിയതിന്‍റെ തുടര്‍ച്ച പ്രതീക്ഷിച്ച് കൊണ്ടാണ് സർക്കാർ നീക്കം. സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിൻെറ തുടർച്ചയായി തന്നെ കണക്കാക്കാം. തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താനാവില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം വേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *