സഭാ ഭൂമിയിടപാടിൽ കർദിനാളിന് ആശ്വാസം; നേരിട്ട് ഹാജരാകാൻ സാവകാശം നൽകി കാക്കനാട് കോടതി
സഭാ ഭൂമിയിടപാടിൽ നേരിട്ട് ഹാജരാകാൻ സാവകാശം വേണമെന്ന കർദിനാളിന്റെ ആവശ്യം കാക്കനാട് കോടതി അംഗീകരിച്ചു. എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. കാക്കനാട് മജിസ്ട്രേറ്റ് കോടതി ജനുവരി 18 ലേക്കാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. ജനുവരി 18ന് കർദിനാൾ നേരിട്ട് കോടതിയിൽ ഹാജരാക്കണം.
സിറോ മലബാർ സഭയുടെ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസ്സുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പെടെ ജനുവരി രണ്ടാം വാരം കേൾക്കാൻ സുപ്രിം കോടതി തീരുമാനിച്ചിരുന്നു. സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഇന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി ജനുവരി 18ന് കർദിനാൾ നേരിട്ട് ഹാജരാകണമെന്ന് നിർദേശിക്കുകയായിരുന്നു.
സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറയാണ് കര്‍ദിനാളിനുവേണ്ടി സുപ്രീം കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. നേരിട്ട് കര്‍ദിനാള്‍ കോടതിയില്‍ ഹാജരാകണമെന്ന ഹൈക്കോടതിവിധി മറച്ചുവച്ചുകൊണ്ടാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്ന് പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന്റെ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയില്‍ ഇന്നലെ വാദിച്ചു. നിയമത്തില്‍ മത മേലധ്യക്ഷന്മാര്‍ക്ക് പ്രത്യേക ഇളവുകള്‍ ഇല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രാകേന്ദ് ബസന്ത് കോടതിയിൽ പറഞ്ഞു. മറ്റൊരു പരാതിക്കാരനായ ജോഷി വര്‍ഗീസിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷാകന്‍ ജയന്ത് മുത്തുരാജും കര്‍ദിനാളിന് ഇളവ് നല്‍കുന്നതിനെ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.
പള്ളികളുടെ ഭൂമി വില്‍ക്കാന്‍ ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടര്‍ നടപടികള്‍ക്ക് എതിരെ വിവിധ രൂപതകള്‍ നല്‍കിയ ഹര്‍ജി അടുത്ത വര്‍ഷം ജനുവരി പത്തിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിരുന്നു.