Saturday, October 19, 2024
Kerala

‘സംഘി വത്കരണത്തെക്കാൾ അപകടകരമാണ് മാർക്‌സിസ്റ്റ് വത്ക്കരണം’; സർവകലാശാലകളിൽ മാർക്‌സിസ്റ്റ് വത്കരണമെന്ന് വി.ഡി സതീശൻ

സർവകലാശാലകളിൽ മാർക്‌സിസ്റ്റ് വത്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ നിയമസഭ പാസാക്കിയതിന് പിന്നാലെയായിരുന്നു വി.ഡി സതീശന്റെ പരാമർശം.

‘ഒരു കാലത്തും പ്രതിപക്ഷം ഗവർണർക്കൊപ്പം നിന്നിട്ടില്ല. മുഖ്യമന്ത്രിയും ഗവർണറും പ്രതിപക്ഷത്തെ ഒരുമിച്ച് അക്രമിച്ചിട്ടുണ്ട്. എന്നാൽ ക്രിയാത്മകമായി സർക്കാരിനോട് സഹകരിക്കുക എന്നതാണ് പ്രതിപക്ഷ നിലപാട്. ചാൻസലറെ തീരുമാനിക്കാനുള്ള സമിതിയിൽ പ്രതിപക്ഷത്തെ ഉൾപ്പെടുത്തിയത് കൊണ്ട് കാര്യമില്ല’-വി.ഡി സതീശൻ പറഞ്ഞു. അക്കാദമിക വിദഗ്ധരെ നിയമിക്കുമെന്ന സർക്കാർ വാദത്തിൽ വിശ്വാസമില്ലെന്നും സർക്കാരിന് ദുരുദ്ദേശമാണെന്നും വി.ഡി സതീശൻ പറഞ്ഞു. കേരളത്തിൽ സംഘി വത്കരണത്തെക്കാൾ അപകടകരമാണ് മാർക്‌സിസ്റ്റ് വത്ക്കരണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ബില്ലവതരണത്തിൽ പ്രതിപക്ഷം നൽകിയത് ഫലപ്രദമായ നിർദേശമാണ്. നിലവിലുള്ളത് പോലെ എല്ലാ സർവകലാശാലകൾക്കും ഒരു ചാൻസലർ മാത്രം മതി. വിരമിച്ച സുപ്രിംകോടതി ജസ്റ്റിസോ, ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിർദേശം. എന്നാൽ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്താൻ ആകില്ലെന്ന് നിയമമന്ത്രി നിലപാടെടുത്തു.

Leave a Reply

Your email address will not be published.