Tuesday, April 15, 2025
Kerala

‘പണിയെടുക്കാത്തവരെ നേതാക്കള്‍ അനാവശ്യമായി സംരക്ഷിക്കുന്നു’; വിമര്‍ശിച്ച് കെ എം അഭിജിത്ത്

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി സ്ഥാനമൊഴിയുന്ന കെഎസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്. പണിയെടുക്കാത്തവരെ നേതാക്കള്‍ അനാവശ്യമായി സംരക്ഷിക്കുന്നുവെന്നാണ് കെ എം അഭിജിത്തിന്റെ വിമര്‍ശനം. പണിയെടുക്കാത്തവരെ സംഘടനയുടെ പ്രധാനചുമതലകളില്‍ നിലനിര്‍ത്തരുത്. ഏതെങ്കിലും നേതാവിനോട് അടുപ്പം പുലര്‍ത്തുന്നു എന്ന പേരിലാണ് ഇത്തരത്തിലുള്ള പലരും തുടര്‍ന്നത്. സംഘടനയോട് അത്മാര്‍ഥത കാണിച്ച് പ്രവര്‍ത്തിച്ചവര്‍ക്ക് യൂത്ത് കോണ്‍ഗ്രസിലടക്കം അര്‍ഹമായ സ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കണം. സംഘടനയെ ചലിപ്പിക്കാന്‍ ശേഷിയില്ലാത്തവരെ തുടരാന്‍ അനുവദിക്കരുതെന്നും അഭിജിത്ത് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.

പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും ഉള്‍പ്പെടെ യോഗത്തില്‍ നേതാക്കളുടെ രൂക്ഷവിമര്‍ശനം നേരിട്ടു. ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ നീക്കുന്നതിനെ പിന്തുണച്ച നടപടി തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്നാണ് പ്രതിപക്ഷ നേതാവിനെതിരായ വിമര്‍ശനം. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ വ്യക്തത വേണമായിരുന്നു. ഗവര്‍ണറേയും മുഖ്യമന്ത്രിയെയും ഒരുപോലെ എതിര്‍ക്കണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യമുയര്‍ന്നു.

ആര്‍എസ്എസ് അനുകൂല പ്രസ്താവനയില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരേയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എം എം ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് സുധാകരനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇരിക്കുന്ന സ്ഥാനത്തെപ്പറ്റി ഓരോരുത്തര്‍ക്കും ബോധ്യം വേണം. നിലമറന്ന് പ്രവര്‍ത്തിക്കുന്നത് ദോഷം ചെയ്യുമെന്ന് ഓര്‍മിക്കണമെന്നുമായിരുന്നു വിമര്‍ശനം.

പൊതുവായ വിഷയങ്ങളില്‍ യോജിച്ച നിലപാട് സ്വീകരിക്കണമെന്നാണ് ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശം. നേതാക്കള്‍ ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങള്‍ പറയുന്നത് തിരിച്ചടിയായിട്ടുണ്ട്. രാഷ്ട്രീയകാര്യ സമിതി യോഗങ്ങള്‍ ഇടയ്ക്കിടെ ചേരണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നുവന്നു. നിര്‍ണായക വിഷയങ്ങളില്‍ യോജിച്ച തീരുമാനം കൈക്കോള്ളുന്നതിന് അത് ഉപകരിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയെക്കൊണ്ട് പുസ്തക പ്രകാശനം നിര്‍വഹിച്ചതിന് പി ജെ കുര്യനെതിരെയും വിമര്‍ശനമുയര്‍ന്നു. ഒരുഭാഗത്ത് മുഖ്യമന്ത്രിയേ വിമര്‍ശിക്കുമ്പോ മറു ഭാഗത്ത് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് ശരിയല്ല. വിമര്‍ശനങ്ങളിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുമെന്നും യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശനമുന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *