കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന് കൊച്ചിയിൽ
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന് കൊച്ചിയിൽ ചേരും. നീണ്ട ഇടവേളയ്ക്കുശേഷമാണ് യോഗം നടക്കുന്നത്. രാഷ്ട്രീയകാര്യ സമിതി ചേരാത്തതിൽ പല നേതാക്കൾക്കും പരാതിയുണ്ടായിരുന്നു. ഇക്കാര്യം എ ഗ്രൂപ്പ് ഉന്നയിക്കുകയും ചെയ്തിരുന്നു. വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി തീരുമാനം കൈക്കൊള്ളാത്തതിലുള്ള അതൃപ്തി ഇന്നത്തെ യോഗത്തിൽ ഉയരുമെന്നുറപ്പാണ്.
എല്ലാ മാസവും രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ, അവസാന യോഗം നടന്നിട്ട് അഞ്ചു മാസമായി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കെ. സുധാകരൻ ഡൽഹിയിലാണ്. നിയമസഭ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തുമാണ്. ഇവരുടെ എല്ലാവരുടെയും സൗകര്യം കണക്കിലെടുത്താണു യോഗം ഇന്നത്തേക്ക് മാറ്റിയത്.
രണ്ടാഴ്ച മുൻപ് ചേരാനിരുന്ന യോഗം കെ.പി.സി.സി അധ്യക്ഷന്റെ അസൗകര്യം കാരണം മാറ്റുകയായിരുന്നു. വിഴിഞ്ഞം സമരം, ശശി തരൂർ വിവാദം, വിലക്കയറ്റം, സർവകലാശാല വിവാദം തുടങ്ങിയവയൊന്നും കോൺഗ്രസ് ചർച്ച ചെയ്തിട്ടില്ല. ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചപ്പോഴും രാഷ്ട്രീയകാര്യ സമിതി ചേർന്നിരുന്നില്ല.