ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
ഭരണഘടനാ വിരുദ്ധം പ്രസംഗം നടത്തിയ സജി ചെറിയാൻ എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറയുക. മലപ്പുറം സ്വദേശി ബിജു, ബി എസ് പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജി കൊണ്ട് പ്രശ്‌നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള ഇടപെടൽ വേണമെന്നുമാണ് ആവശ്യം. എന്നാൽ സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമവ്യവസ്ഥയില്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ സജി ചെറിയാനെതിരെ അന്വേഷണം പോലീസും അവസാനിപ്പിക്കുകയാണ്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. ഈ വർഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിൽ വെച്ച് സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയത്.