ട്രെയിനിലെ ജനല്‍ച്ചില്ല് തുളച്ച് ഇരുമ്പുദണ്ഡ് കുത്തിക്കയറി; നീലാഞ്ചല്‍ എക്സ്പ്രസില്‍ യുവാവിന് ദാരുണാന്ത്യം
പണി നടന്നിരുന്ന റെയില്‍വേ ട്രാക്കില്‍ ഉപയോഗിച്ച ഒരു ഇരുമ്പ് ദണ്ഡ് അപ്രതീക്ഷിതമായി ട്രെയിന്‍ ജനല്‍ തുളച്ച് അകത്തുവന്ന് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം. ഉത്തര്‍ പ്രദേശിലാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍ നിന്നും കാണ്‍പൂരിലേക്ക് യാത്ര ചെയ്തിരുന്ന നീലാഞ്ചല്‍ എക്സ്പ്രസിലാണ് അപകടമുണ്ടായത്. രാവിലെ 8.45നാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ സ്വദേശിയായ ഹരികേശ് കുമാര്‍ ദുബെയാണ് മരിച്ചത്.
ജനറല്‍ കംപാര്‍ട്ട്മെന്റിലെ ഒരു വിന്‍ഡോ സീറ്റിലിരുന്നാണ് ഹരികേശ് യാത്ര ചെയ്തിരുന്നത്. പെട്ടെന്ന് ജനല്‍ ചില് തകര്‍ത്ത് ഇരുമ്പുദണ്ഡ് വന്ന് ഹരികേശിന്റെ കഴുത്തില്‍ തറയ്ക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ് ചോരവാര്‍ന്ന് യുവാവ് ട്രെയിനിനുള്ളില്‍ വച്ചുതന്നെ മരിച്ചു.
അലിഗഢ് റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവം നടന്നത്. പ്രദേശത്ത് റെയില്‍വേ ട്രാക്കില്‍ കുറച്ച് ദിവസമായി അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കൊണ്ടുവന്ന കമ്പി തറച്ചാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.