Tuesday, April 15, 2025
Kerala

ട്രാക്കിലാകാതെ സില്‍വര്‍ ലൈന്‍ പദ്ധതി; കേന്ദ്രാനുമതിക്കായി കാത്ത് സംസ്ഥാന സര്‍ക്കാര്‍

സില്‍വര്‍ലൈന്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമ്പോഴും കേന്ദ്രം അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ മെച്ചം കേന്ദ്രത്തെ ബോധ്യപ്പെടുത്താനാകുമെന്നും പദ്ധതി നടപ്പാക്കാനാകുമെന്നുമാണ് സര്‍ക്കാരിന്റെ വിശ്വാസം. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ കേന്ദ്രത്തിനെതിരെയുള്ള രാഷ്ട്രീയ ആരോപണമായി ഇതു ഉയര്‍ത്തിക്കാട്ടാനാണ് നീക്കം.

സില്‍വര്‍ലൈന്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമ്പോഴും ഉദ്യോഗസ്ഥരെ മറ്റു പദ്ധതികളിലേക്ക് പുനര്‍വിന്യസിക്കുമ്പോഴും പദ്ധതിയില്‍ സര്‍ക്കാരിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റേയും റെയില്‍വേ ബോര്‍ഡിന്റേയും അനുമതി പദ്ധതിക്കുണ്ടാകുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നു. പദ്ധതിയുടെ ഗുണഫലങ്ങള്‍ കേന്ദ്രത്തെ ബോധ്യപ്പെടുത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഈ സമയത്തിനുള്ളില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കാമെന്ന കണക്കുകൂട്ടലും സര്‍ക്കാരിനുണ്ട്.

എന്നാല്‍ കേന്ദ്രം അനുമതി നിഷേധിച്ചാല്‍ കേന്ദ്രത്തിനെതിരെയുള്ള രാഷ്ട്രീയ ആരോപണമായി ഇതു മാറ്റാനാണ് ഇടതുമുന്നണിയുടെ നീക്കം. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിച്ചുവെന്ന ആരോപണമാകും ഉയര്‍ത്തുക. പദ്ധതിയുമായി മുന്നോട്ട് പോകാനാണ് വീണ്ടും നീക്കമെങ്കില്‍ വലിയ പ്രതിഷേധത്തിനാണ് പ്രതിപക്ഷ, ബി.ജെ.പി നീക്കം. അങ്ങനെ വന്നാല്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഇതു ഗുണകരമായി മാറുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും.

അതിനിടെ പദ്ധതിയുടെ വിജ്ഞാപനം പിന്‍വലിക്കാത്തതിനാല്‍ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ഇനിയും ഒഴിയുന്നുമില്ല. ഈ ആവശ്യം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *