Thursday, January 23, 2025
Kerala

മദ്യക്കമ്പനികളുടെ കുത്തക തകര്‍ക്കാന്‍ ‘മലബാര്‍ ബ്രാണ്ടി’ ഉടനെത്തും; സര്‍ക്കാരിന്റെ സ്വന്തം മദ്യം വരിക ഒണത്തിന്

സര്‍ക്കാര്‍ പുറത്തിറക്കുന്ന പുതിയ മദ്യം ഓണത്തിന് വിപണിയിലെത്തും. പുതിയ മദ്യം മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ തന്നെ പുറത്തിറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. മദ്യം പുറത്തിറക്കുന്നതിനായി ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചാണ് മലബാര്‍ ബ്രാണ്ടി എത്തിക്കുന്നത്.

കൂടുതല്‍ ആവശ്യക്കാരുള്ള ബ്രാന്‍ഡായ ജവാന്‍ റമ്മിന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ മദ്യം വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്. നേരത്തെ ഇത് സംബന്ധിച്ച് ആലോചനകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് പുതിയ മദ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വന്നത്.

വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ മദ്യം ഉത്പ്പാദിപ്പിക്കുക. സര്‍ക്കാര്‍ ഉത്തരവും ബോര്‍ഡ് അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല. ആദ്യഘട്ടമായ സിവില്‍ ആന്‍ഡ് ഇലക്ട്രിക് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. പ്ലാന്റ് നിര്‍മാണം മാര്‍ച്ച് മാസത്തിന് മുന്‍പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കുറവ് മൂലം ജവാന്‍ റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബെവ്‌കോയിലെ മദ്യക്കമ്പനികളുടെ കുത്തക തകര്‍ക്കുന്നത് കൂടി സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *