Friday, April 18, 2025
Kerala

ഇലന്തൂർ നരബലി; പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ് എന്നിവർ വിയ്യൂർ അതി സുരക്ഷാ ജയിലിലും മൂന്നാം പ്രതി ലൈല കാക്കനാട് വനിതാ ജയിലിലുമാണ് ഉള്ളത്. കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

സെപ്റ്റംബർ 26നാണ് തമിഴ്നാട് സ്വദേശിയായ പത്മം കൊല്ലപ്പെട്ടത്. ജൂണിലാണ് കാലടി സ്വദേശി റോസ്‌ലിൻ കൊല്ലപ്പെടുന്നത്. ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങളിലെ ഡിഎൻഎ പരിശോധന പൂർണമായും പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ട് നൽകിയിരുന്നു. ഇതോടെ മറ്റൊരു ഇര ഇല്ല എന്നും അന്വേഷണം സംഘം സ്ഥിരീകരിച്ചു. കേസിൽ, പ്രതികളെ കസ്റ്റഡിയിൽ എടുത്തുള്ള തെളിവെടുപ്പ് പൂർത്തിയായി. ഡിജിറ്റൽ തെളിവുകളും സൈബർ തെളിവുകളുമാണ് കേസിൽ നിർണായകമാവുക. ഇതിനിടെ കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയായി. ജാമ്യപേക്ഷ കോടതി വിധി പറയാനായി മാറ്റി.

കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിനെ കാണാതാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *