Sunday, April 13, 2025
Wayanad

അന്തര്‍ സംസ്ഥാന റോഡുകളെല്ലാം ഇന്ന് മുതല്‍ പൂര്‍ണ്ണമായി തുറക്കും

വയനാട് : മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി തുടങ്ങിയ അന്തര്‍ സംസ്ഥാന റോഡുകളെല്ലാം ഇന്ന് മുതല്‍ പൂര്‍ണ്ണമായി തുറക്കും. പുറത്ത് നിന്ന് യാത്ര ചെയ്തെത്തുന്നവര്‍ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാതൊരു വിധ നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ നിലവില്‍ വയനാട് ജില്ലയിലേക്ക് പ്രവേശിക്കാവുന്ന എല്ലാ റോഡുകളിലൂടെയും വ്യക്തികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുളള അറിയിച്ചു. യാത്രക്കാര്‍ കോവിഡ് -19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് മാത്രം പൊലീസ് പരിശോധിക്കേണ്ടതും മറ്റ് തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ലാത്തതുമാണ്.

ഇത്തരത്തില്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ ക്വാറന്‍റൈനില്‍ പോവേണ്ടതാണെങ്കില്‍ അത്തരക്കാരെ അതത് ഗ്രാമപഞ്ചായത്ത്, മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ ബന്ധപ്പെടേണ്ടതും ക്വാറന്‍റൈന്‍ ഉറപ്പുവരുത്തേണ്ടതുമാണ്.

നിലിവില്‍ മുത്തങ്ങയിലുള്ള ഫെസിലിറ്റേഷന്‍ സെന്‍ററില്‍ ചരക്കു വാഹനങ്ങളെ തടയാനോ പാസ് ആവശ്യപ്പെടാനോ പാടില്ലെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുത്തങ്ങ ഫെസിലിറ്റേഷന്‍ സെന്‍ററിലേക്ക് ആവശ്യമെങ്കില്‍ ആംബുലന്‍സ് ഓണ്‍ കോളില്‍ സുല്‍ത്താന്‍ ബത്തേരി താലുക്ക് ആശുപത്രിയില്‍ നിന്നും അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *