Friday, April 18, 2025
Kerala

കേടായിക്കിടക്കുന്ന നിരീക്ഷണ കാമറകൾ നന്നാക്കും, പഴകിയവ മാറ്റും; മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്ലാ നിരീക്ഷണ കാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത കാമറകൾ മാറ്റി ഏറ്റവും ആധുനികമായവ വെക്കും. അമിത വേഗം, ട്രാഫിക്ക് നിയമ ലംഘനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പൊലീസ് കാമറകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി ഇതിനുള്ള നിർദേശങ്ങൾ നൽകിയത്.

പ്രധാനാ റോഡുകൾ നിർമ്മിക്കുമ്പോൾ ആസൂത്രണ ഘട്ടത്തിൽത്തന്നെ കാമറ സ്ഥാപിക്കാനുള്ള പദ്ധതിയും ഉറപ്പാക്കണം. നിശ്ചിത എണ്ണത്തിന് മുകളിൽ ഉപഭോക്താക്കൾ എത്തുന്ന എല്ലാ സ്ഥാപനങ്ങളും സി സി ടിവി കാമറകൾ സ്ഥാപിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളും ചുരുങ്ങിയത് ഒരു മാസം സംഭരണ ശേഷിയുള്ള സിസിടിവി സ്ഥാപിക്കണം. ഇതിനാവശ്യമായ രീതിയിൽ പഞ്ചായത്ത്, മുനിസിപ്പൽ, പൊലീസ് ആക്ടുകളിൽ ഭേദഗതി വരുത്തും. എംപി, എംഎൽഎ പ്രാദേശിക വികസനഫണ്ടുകൾ, തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ട് എന്നിവ ഉപയോഗിച്ച് ക്യാമറകൾ സ്ഥാപിക്കുന്നത് പരിഗണിക്കും.

വീടുകളിലും പൊതു സ്ഥലങ്ങളിലും വെക്കുന്ന സിസി ടിവികളിൽ നിന്നുള്ള ഫൂട്ടേജുകൾ ആവശ്യം വന്നാൽ പൊലീസിന് നൽകാനുള്ള സന്നദ്ധത വളർത്താനായി ബോധവൽക്കരണം നടത്തും.

പൊലീസ്, മോട്ടോർ വാഹന വകുപ്പുകളിലെയും നാറ്റ്പാക്കിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *