Saturday, October 19, 2024
Kerala

അട്ടപ്പാടി മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്; ഒന്നാം പ്രതി അബ്ബാസിന് ജാമ്യം

അട്ടപ്പാടി മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്ബാസിന് കർശന ഉപാധികളോടെ ജാമ്യം. കേസ് കഴിയും വരെ അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുതെന്നാണ് ഉപാധി. സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

അട്ടപ്പാടി മധുവിന്റെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയ കേസിൽ അബ്ബാസിന് കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്നും തനിക്ക് ഭയമുണ്ടെന്നും മധുവിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു. നേരത്തെ ഭീഷണിപ്പെടുത്തിയതുപോലെ വീണ്ടും ഭീഷണിയുണ്ടാവുമെന്നാണ് തന്റെ ഭയമെന്ന് മധുവിന്റെ അമ്മ പറയുന്നു. ഭീഷണിപ്പെടുത്താൻ വന്നപ്പോൾ അബ്ബാസിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഇപ്പോൾ രോഗമാണെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മല്ലി വ്യക്തമാക്കി.

പ്രതി അബ്ബാസ് കഴിഞ്ഞ ദിവസമാണ് മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങിയത്. തുടർന്ന് അബ്ബാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യം സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പാലക്കാട് കുമരംപുത്തൂർ സ്വദേശിയാണ് ആർ.വി അബ്ബാസ്. കേസ് പ്രഥമദൃഷ്ട്യാ വ്യക്തമല്ലെന്നും അനാവശ്യമായാണ് തന്നെ കേസിലുൾപ്പെടുത്തിയതെന്നുമായിരുന്നു പ്രതി ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയത്. മണ്ണാർക്കാട് പ്രത്യേക കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും മധുവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി മാതാവിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.

Leave a Reply

Your email address will not be published.